വെള്ളോറ
അജ്ഞാതജീവി കാരണം പുലിവാൽ പിടിച്ച് നാട്ടുകാർ. എരമം -കുറ്റൂർ പഞ്ചായത്തിലെ കക്കറ, പെരിങ്ങോം- വയക്കര പഞ്ചായത്തിലെ കരിമണൽപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് പുലിയെന്ന് കരുതുന്ന ജീവിയാണ് ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഈ ജീവി പുലിതന്നെയാകാമെന്നാണ് വനംവകുപ്പും പറയുന്നത്. ചൊവ്വാഴ്ച രാത്രി ഏഴിനാണ് ഏറ്റവും ഒടുവിലായി പുലി സാന്നിധ്യം കണ്ടത്.
വെള്ളോറയ്ക്ക് സമീപം താളിച്ചാൽ റോഡിൽ വഴിയാത്രക്കാരായ രണ്ടുപേരാണ് പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഇവർ മൊബൈൽ ഫോണിൽ ദൃശ്യവും പകർത്തി. ഈ ദൃശ്യത്തിൽനിന്ന് ഇത് പുലിയാണെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണവും പരിശോധനയും കർശനമാക്കി.
ചൊവ്വാഴ്ച രാവിലെ ചെങ്കോൽ എന്ന സ്ഥലത്ത് കാട് വെട്ടുന്ന അതിഥി തൊഴിലാളി മരത്തിനു മുകളിൽ പുലിയെ കണ്ടെന്നും പറയുന്നു. . കക്കറ- വെള്ളോറ റോട്ടിൽ വാട്ടർ ടാങ്കിന് സമീപം പുലിയെ കണ്ടെന്ന മറ്റൊരു വിവരത്തെതുടർന്ന് പരിശോധന നടത്തിയപ്പോൾ വിസർജ്യം കണ്ടെത്തിയിരുന്നു. നിരവധി സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഒന്നിലധികം പുലികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ബുധനാഴ്ച കൂട് സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി രതീശൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..