25 December Wednesday

പ്രതിപക്ഷത്തേക്കാൾ കമ്യൂണിസ്റ്റുവിരുദ്ധത മാധ്യമങ്ങൾക്ക്‌ : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കെ വി നാരായണൻ നമ്പ്യാർ സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ

വലതുപക്ഷ ആശയ നിർമിതിക്കായി അധ്വാനിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളത്തിലെ മാധ്യമങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷത്തേക്കാൾ സർക്കാരിനെയും പാർടിയെയും കടന്നാക്രമിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കല്യാശേരിയിൽ കെ വി നാരായണൻ നമ്പ്യാർ സ്മാരക മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
   കാലങ്ങളായി ബിജെപിയും കോൺഗ്രസും തുടരുന്നത് പണാധിപത്യത്തിന്റെ രീതിയാണ്‌.  പാലക്കാടും ചേലക്കരയും വയനാട്ടിലും അവർ നടത്തുന്നത് പണം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ്. 
  തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐ എം. പ്രവർത്തിക്കുന്ന പാർടിക്കേ  തെറ്റുപറ്റൂ. അപ്പോഴാണ് തിരുത്താൻ സാധിക്കുക. എഡിഎം ആത്മഹത്യചെയ്ത സംഭവത്തിൽ കുടുംബത്തിനൊപ്പമാണ് പാർടി. പാർടി തീരുമാനപ്രകാരം പി പി ദിവ്യയെ ജില്ലാപഞ്ചായത്ത്  പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പാർടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും നീക്കി.  ദിവ്യ പാർടി തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകുകയാണ്.
 പാർടി നടപടിയെടുക്കുന്നത് കേഡർ തിരുത്തുന്നതിനാണ്. അവരെ കാണാൻ പാടില്ല, സംസാരിക്കാൻ പാടില്ല എന്ന് പറയാൻ നടപടി ഊരുവിലക്കല്ല. അടിമുടി തിരുത്തി മുന്നോട്ടുപോകാൻ അവർക്കൊപ്പം പാർടി നിലകൊള്ളും. ഈ വിഷയം സംബന്ധിച്ച് നടത്തുന്ന തെറ്റായ പ്രചാരവേലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർടി നിർദേശിച്ചിട്ടുണ്ട്.
മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്ത കള്ളവും അർധസത്യങ്ങളുമാണ്.  വരികൾക്കിടയിൽ വായിക്കാനും കാഴ്ചകൾക്കപ്പുറം കാണാനും നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top