22 December Sunday

മന്തുരോഗികളിൽ കൂടുതലും 
കോർപറേഷൻ പരിധിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
കണ്ണൂർ
ജില്ലയിൽ  മന്തുരോഗികളിൽ കൂടുതലും കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ. ആരോഗ്യവകുപ്പിന്റെ കണക്കിൽ   രോഗ ബാധിതരായ 811 പേരിൽ 267 പേരും  കോർപറേഷനിലാണ്‌. തലശേരി നഗരസഭ–-132, ചിറക്കൽ പഞ്ചായത്ത്‌–- 64, തളിപ്പറമ്പ് നഗരസഭ–--64, അഴീക്കോട്‌ പഞ്ചായത്ത്‌–- 37, വളപട്ടണം പഞ്ചായത്ത്‌–- 27 എന്നിവിടങ്ങളിലാണ്‌ രോഗബാധിതരുള്ളത്‌. ഇതര സംസ്ഥാന തൊഴിലാളികളിൽ ഒട്ടേറെ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്‌. 
ഒരു രോഗിയുമില്ലാത്ത  പഞ്ചായത്തുകളിലും രോഗവാഹകരായ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുള്ള പ്രദേശങ്ങളിലെല്ലാം കർശനപരിശോധനയ്‌ക്കാണ്‌ തീരുമാനം. രോഗബാധ ആരോഗ്യ പ്രവർത്തകരിൽനിന്ന്‌ മറച്ചുവയ്‌ക്കുന്ന സ്ഥിതിയുമുണ്ട്‌. 
മാരകമല്ലെങ്കിലും അംഗവൈകല്യമുണ്ടാക്കി  ജീവിതം ദുരിതപൂർണമാക്കുന്ന രോഗത്തിന്‌ കാരണം വിരകളാണ്.  
മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. ആഫ്രിക്കൻ പായൽ, കുളവാഴ തുടങ്ങിയ ജലസസ്യങ്ങളിൽ വളരുന്ന കൊതുകുകളാണ് രോഗത്തിനിടയാക്കുന്നത്‌. പൂർണവളർച്ചയെത്തിയ വിരകൾ ദിവസേന ആയിരക്കണക്കിന്‌  കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കും. രോഗബാധിതരെ  രാത്രി  കൊതുക് കടിക്കുമ്പോൾ കൊതുകിന്റെ ശരീരത്തിലേക്ക് വിരകൾ പ്രവേശിക്കുന്നു. ഏഴുമുതൽ 21 ദിവസംകൊണ്ട് കൊതുക് മറ്റൊരാളിലേക്ക് രോഗം പകർത്താൻ കഴിവുള്ളതാകും.
മന്തുരോഗത്തിന്റെ പ്രാരംഭഘട്ടത്തിലേ രോഗിയിൽനിന്ന്‌ മറ്റൊരാളിലേക്ക് രോഗം പകരൂ.  നീർവീക്കം വന്നവരിൽനിന്ന്‌ രോഗം പകരില്ല. പ്രാരംഭഘട്ടത്തിൽ ഒരു രോഗ ലക്ഷണവുമുണ്ടാവില്ല.  രോഗാണു ബാധയേറ്റ് വർഷങ്ങൾക്കുശേഷം ലസികാവ്യൂഹത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും കൈകാലുകളിൽ വീക്കം  ഉണ്ടാകുന്നു. 
എല്ലാ തിങ്കളാഴ്‌ചയും ജില്ലാആശുപത്രി, തലശേരി ജനറൽ ആശുപത്രി, പയ്യന്നൂർ, തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രികളിലും വെള്ളിയാഴ്‌ച വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലും രാത്രി എട്ടുമുതൽ  മന്തുരോഗ പരിശോധനയും ചികിത്സാ സൗകര്യമുണ്ട്‌. തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച്‌ ഭേദമാക്കാം.  വീക്കം വന്നാൽ  ചികിത്സയില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top