കണ്ണൂർ
കണ്ണൂർ ഐടിഐയിലെ കെഎസ്‌യു–- യൂത്ത് കോൺഗ്രസ് അക്രമം കോൺഗ്രസ് ഗ്രൂപ്പ് പോരിൽനിന്ന് ശ്രദ്ധ തിരിക്കാൻ. മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലുണ്ടായ ഭിന്നത പരസ്യമായ തമ്മിൽത്തല്ലിലേക്ക് കടന്നതോടെയാണ് നേതൃത്വം അക്രമം ആസൂത്രണം ചെയ്‌തത്. പ്രതിപക്ഷ നേതാവ് ജില്ലയിലെത്തുന്ന ദിവസംതന്നെ അക്രമത്തിന് തെരഞ്ഞെടുത്തതും ഇതേ ലക്ഷ്യത്തോടെ.
മാടായി കോളേജിലെ നിയമനത്തർക്കത്തിൽ ബുധനാഴ്‌ച രാവിലെ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു കൈയേറ്റം. തടയാൻ ശ്രമിച്ച കെഎസ്‌യു നേതാവിനും മർദനമേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ എം കെ രാഘവൻ എംപിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്‌തിരുന്നു. ഇന്റർവ്യൂ നടന്ന ദിവസം എം കെ രാഘവനെ കോളേജിലും തടഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ഡിസിസി നേതൃത്വത്തിന്റെയും മൗനാനുവാദത്തോടെയായിരുന്നു ഇതെല്ലാം. രാജിവയ്‌ക്കലും പുറത്താക്കലുമായുള്ള കലാപരിപാടികളും നടക്കുന്നതിനിടെയാണ് ശ്രദ്ധ തിരിക്കാൻ നേതൃത്വം പദ്ധതി ആസൂത്രണംചെയ്‌തത്.
ഐടിഐയിൽ വിദ്യാർഥിനിയെ അസഭ്യം പറഞ്ഞ കെഎസ്‌യു പ്രവർത്തകനെതിരെ നടപടിയാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ബുധനാഴ്‌ച ഉപരോധിച്ചിരുന്നു. സമരം നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും എത്തിയിരുന്നു. ഇതേസമയം പ്രിൻസിപ്പലിനെ കാണണമെന്ന ആവശ്യവുമായി കെഎസ്‌യു നേതാക്കളുമെത്തി. ബ്രേക്കിങ്ങ് വാർത്തയുണ്ടെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെയും കൂട്ടിയാണ് ഇവരെത്തിയത്. ഉപരോധം നടക്കുന്നതിനിടെ പ്രിൻസിപ്പലിനെ കാണണമെന്ന ആവശ്യവുമായി വന്നതുതന്നെ സംഘർഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് വ്യക്തം. ഇത് നടക്കില്ലെന്നു കണ്ടതോടെയാണ് മതിൽ ചാടിക്കടന്ന് ക്യാമ്പസിലേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസുകാർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചത്.
ഇതിന്റെ വീഡിയോ ചാനലുകൾക്കെല്ലാം കിട്ടിയിരുന്നു. ആദ്യ വാർത്തകളിൽ ഈ വീഡിയോ ഉണ്ടായിരുന്നെങ്കിലും നേതാക്കൾ ഇടപെട്ട് ഒഴിവാക്കി. ഐടിഐക്കുപുറത്ത് സമീപപ്രദേശങ്ങളിലെ കോൺഗ്രസ്–- യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ എത്തിയിരുന്നു. ഈ പരിസരത്തല്ലാത്തവരും എത്തിയത് ആസൂത്രണത്തിന് തെളിവാണ്.
എം കെ രാഘവൻ എംപിക്കെതിരെ പ്രകടനം നടത്തിയതിന് പുറത്താക്കിയവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാവിലെ ഗസ്‌റ്റ് ഹൗസിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് വാർത്തയാകാതിരിക്കാനുംകൂടിയായിരുന്നു ഐടിഐയിലെ ആസൂത്രിത അക്രമം.
സംഘർഷം പ്രതിപക്ഷ നേതാവിന്റെ
തിരക്കഥ: പി എം ആർഷോ
കണ്ണൂർ
തോട്ടട ഐടിഐയിലെ സംഘർഷം പ്രതിപക്ഷ നേതാവിന്റെ തിരക്കഥയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അനുവാദത്തോടെയാണ് കെഎസ്‌യു അക്രമം നടത്തിയത്. അക്രമത്തിനുമുമ്പ് കെഎസ്‌യുക്കാർ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ ആഭ്യന്തരസംഘർഷം മറച്ചുവയ്ക്കാനായിരുന്നു അക്രമം. മാധ്യമങ്ങളെ മുൻകൂട്ടി വിവരമറിയിച്ചാണ് സംഘർഷം സൃഷ്ടിച്ചത്. കെഎസ്‌യു അക്രമം നടത്തിയാൽ പ്രതിരോധിക്കുമെന്നും ആർഷോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..