14 December Saturday

കണ്ണൂർ വനിതാ കോളേജിന്‌ 50

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്

 

കണ്ണൂർ
കണ്ണൂർ കൃഷ്‌ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്‌ അമ്പതാംവർഷത്തിലേക്ക്‌.  ഉത്തരകേരളത്തിലെ പെൺകുട്ടികൾക്ക്‌ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക്‌ വഴിതുറന്ന പെൺകലാലയത്തിന്‌ 2025ൽ അമ്പത്‌ വയസ്സാവും. ജനുവരിയിൽ  തുടങ്ങുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക്‌ വിപുലമായ ഒരുക്കങ്ങളാണ്‌  നടക്കുന്നത്‌. 
    ഉത്തരമലബാറിലെ ഏക സർക്കാർ വനിതാ കോളേജായ കൃഷ്‌ണമേനോൻ കോളേജ്‌  1975ൽ  പയ്യാമ്പലം ഗേൾസ്‌ സ്‌കൂളിന്‌ സമീപത്തെ കെട്ടിടത്തിലാണ്‌ പ്രവർത്തനമരംഭിച്ചത്‌.   1983ലാണ്‌ പള്ളിക്കുന്നിലേക്ക്‌ മാറിയത്‌.  1869 കാലഘട്ടത്തിൽ ബ്രിട്ടീഷ്‌ ജയിൽ സൂപ്രണ്ടിന്റെ ഔദ്യോഗികവസതിയും കുതിരാലയവും പ്രവർത്തിച്ച സ്ഥലമാണിത്‌.  15 ഏക്കറിൽ ഈ കെട്ടിടങ്ങൾ സംരക്ഷിച്ചാണ്‌ കോളേജ്‌ പ്രവർത്തിക്കുന്നത്‌. 
   ആയിരത്തിലധികം വിദ്യാർഥിനികളാണ്‌ കോളേജിൽ പഠിക്കുന്നത്‌.  മൂന്ന്‌ ബിഎസ്‌സി കോഴ്‌സുകളും നാല്‌ ബിഎ കോഴ്‌സുകളും രണ്ട്‌ എംഎ  കോഴ്‌സുകളും ഒരു എംഎസ്‌സി കോഴ്‌സും ഒരു പിഎച്ച്‌ഡിയുമാണ്‌ കോളേജിലുള്ളത്‌. കണ്ണൂർ സർവകലാശാലയിൽ അഫിലിയറ്റ്‌ ചെയ്‌ത കോളേജ്‌ നാക്‌ എ ഗ്രേഡ്‌ ഉൾപ്പെടെയുള്ള അക്കാദമിക്‌ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. കായികമേഖലയിലും  വനിതാ കോളേജ്‌ മിടുക്കികളെ സംഭാവന ചെയ്‌തിട്ടുണ്ട്‌.  
   കോളേജിന്‌ കെ വി സുമേഷ്‌ എംഎൽഎയുടെ ഫണ്ടിൽനിന്നനുവദിച്ച അഞ്ച്‌ കോടിയുടെ വികസനപദ്ധതിയുടെ പ്രവൃത്തി ഉദ്‌ഘാടനം 17ന്‌ മന്ത്രി വി അബ്‌ദുറഹ്‌മാൻ നിർവഹിക്കും.   ഗ്രൗണ്ട്‌ നവീകരണം, സ്വിമ്മിങ്‌ പൂൾ, ഹോസ്‌റ്റൽ നിർമാണം എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. കിഫ്‌ബി പദ്ധതിയിൽ  അക്കാദമിക്‌ ബ്ലോക്ക്‌,   ലൈബ്രറി, ക്യാന്റീൻ കോംപ്ലക്‌സ്‌ എന്നിവയും അനുവദിച്ചിട്ടുണ്ട്‌. 
    ഒരു വർഷം നീളുന്ന ആഘോഷപരിപാടിക്കാണ്‌ ജനുവരിയിൽ തുടക്കമാകുന്നതെന്ന്‌ പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹൻ പറഞ്ഞു. കോളേജ്‌ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം സുവർണജൂബിലി ആഘോഷത്തിനൊപ്പം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.  
   സുവർണജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണം വെള്ളി പകൽ മൂന്നിന്‌  കോളേജ്‌ സെമിനാർ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top