തലശേരി
ആർഎസ്‌എസ് നേതാവിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ 21 വർഷങ്ങൾക്കുശേഷം നാലു സിപിഐ എം പ്രവർത്തകരെ കോടതി വെറുതെവിട്ടു. കൊളശേരിയിൽ സി പി പ്രജിത്ത്, പൊന്ന്യം കുണ്ടുചിറയിലെ പി രതീശൻ, എ സി ബാബു, കാവുംഭാഗത്തെ എ രാജേഷ് എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത്.
ആർഎസ്‌എസ് ജില്ലാ കാര്യവാഹകും കണ്ണൂർ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ജീവനക്കാരനുമായിരുന്ന സുരേഷ് ബാബുവിനെ അക്രമിക്കാനെത്തിയെന്ന പേരിലാണ് കണ്ണൂർ പൊലീസ് കേസെടുത്തത്. 1999 നവംബർ 19ന് ആർടിഒ ഓഫീസ് കോംപൗണ്ടിൽ എത്തിയെന്നായിരുന്നു കേസ്. വർഷങ്ങൾക്കുമുമ്പേ വിചാരണ പൂർത്തിയായിരുന്നു. വിധി പറയാനിരിക്കേ, കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സാക്ഷിയായി തന്നെയും വിസ്‌തരിക്കണമെന്നും ആവശ്യപ്പെട്ട് സുരേഷ്‌ബാബു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം ഇയാളെ സാക്ഷിയായി വിസ്‌തരിച്ചശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്‌ജി വിജയകുമാർ നാലുപേരെയും വിട്ടയച്ചത്.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ വിനോദ്‌കുമാർ ചമ്പളോൻ, ജി പി ഗോപാലകൃഷ്‌ണൻ, എം വി ശിൽപ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..