കൊച്ചി
കൊളീജിയം ശുപാർശ ചെയ്തിട്ടും നിയമനത്തിന് കാലതാമസം വന്നത് വേദനിപ്പിച്ചെന്ന് പുതിയ ഹൈക്കോടതി ജഡ്‌ജി ജ. പി വി കുഞ്ഞികൃഷ്ണൻ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫുൾ കോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ഒക്ടോബറില്‍ സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് നിയമനം.
ജ.യു എൽ ഭട്ടിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങളും ജ. കുഞ്ഞികൃഷ്ണന്‍ പ്രസംഗത്തില്‍ ഉദ്ധരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയില്‍ അംഗമായിരുന്നെന്ന കാരണത്താൽ ഭട്ടിന്റെ മുൻസിഫ് നിയമനം സർക്കാർ തടഞ്ഞുവച്ചു. അദ്ദേഹം അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. പിന്നീട് ജഡ്ജിയായ വി ആര്‍ കൃഷ്ണയ്യർ ആയിരുന്നു അഭിഭാഷകൻ. ഹൈക്കോടതി ഹർജി തള്ളി. അപ്പോഴും നിയമനം നൽകാത്തതിന്റെ കാരണം വ്യക്തമാക്കിയില്ല. രാഷ്ട്രീയം മാനദണ്ഡം ആക്കിയിരുന്നെങ്കിൽ എത്ര ജഡ്ജിമാരെ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് നഷ്ടപ്പെടുമായിരുന്നു എന്ന് ഭട്ട് എഴുതുന്നുണ്ട്.
എടുക്കുന്ന സത്യപ്രതിജ്ഞയോടും ഭരണഘടന മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ കാഴ്ചപ്പാടുമാണ് ജഡ്ജിക്ക് വേണ്ടത്. ജഡ്ജിയാകും മുമ്പ് രാഷ്ട്രീയക്കാരേ അല്ലാതിരുന്ന പലരും ഇക്കാര്യങ്ങളിൽ പരാജയപ്പെട്ടിട്ടുമുണ്ടെന്ന ഭട്ടിന്റെ വരികൾ കുഞ്ഞികൃഷ്ണൻ ഉദ്ധരിച്ചു.
ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ലക്ഷമി നാരായണൻ എന്നിവർ സംസാരിച്ചു.അച്ഛനും നടനുമായ പി വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സഹോദരീ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അടക്കം ഒട്ടേറെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..