17 September Tuesday

കൈയടികൾക്കൊപ്പം 
 വളർന്ന കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ഉമൈറ മെഡലുകളുമായി

കണ്ണൂർ
ഓരോവേദിയിലും ഉയരുന്ന കൈയടികൾ അടുത്തമത്സരത്തിലേക്കുള്ള ആത്മവിശ്വാസമാണ് ഉമൈറയ്ക്ക്. കഠിനപ്രയത്നത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ടാണ്‌  ചൊറുക്കള ചിറ്റാരിക്കടവത്ത് വീട്ടിൽ പി കെ ഉമൈറ ദേശീയതാരമായി ഉയർന്നത്.  മാസ്റ്റേഴ്സ് വിഭാഗം  പവർലിഫ്റ്റിങ്ങിലും ബെഞ്ച് പ്രസ്സിലും ദേശീയതലത്തിൽ മെഡലുകൾ വാരിക്കൂട്ടുകയാണിവർ. 
 കാലിന് വേദന വന്നപ്പോഴാണ് തളിപ്പറമ്പിലെ ജിംനേഷ്യത്തിൽ പോകാൻ തുടങ്ങിയത്. സുഹൃത്തുക്കളും പരിശീലകരും പകർന്ന ഊർജത്തിലാണ് പവർലിഫ്റ്റിലേക്കും ബെഞ്ച് പ്രസിലേക്കും   കൈവച്ചത്. കഴിഞ്ഞവർഷം ബെഞ്ച് പ്രസ് ദേശീയ മത്സരത്തിൽ വെങ്കല മെഡൽ നേടി. ഈ വർഷം മധ്യപ്രദേശിൽ നടന്ന ദേശീയ മത്സരത്തിൽ ഒരു സ്വർണവും വെള്ളിയും നാല് വെങ്കലവും നേടി. 
എക്യുപൈഡ്, ക്ലാസിക്ക് വിഭാഗങ്ങളിൽ മത്സരിച്ചാണ് നാൽപതുകാരി ഉമൈറ മെഡലുകൾ വാരിക്കൂട്ടിയത്. രാജ്യത്തെ പ്രധാന താരങ്ങളെ കൈക്കരുത്തിൽ തോൽപ്പിച്ച് നേടിയ മെഡലുകൾ ആവേശം വർധിപ്പിച്ചെന്ന് ഉമൈറ പറയുന്നു. സെപ്തംബറിലാണ്‌ ബെഞ്ച് പ്രസ് സംസ്ഥാന മത്സരം കോഴിക്കോട് നടക്കുന്നത്‌. ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. അതിനാൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനുള്ള  പരിശീലനത്തിലാണിപ്പോൾ. മയ്യിൽ പഞ്ചായത്ത്‌ ജിംനേഷ്യത്തിലെ പരിശീലകകൂടിയായ ഉമൈറയ്‌ക്ക്‌  കുടുംബം നൽകുന്ന പിന്തുണയാണ് ബലം. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ മുല്ലക്കൊടിയിലെ കെ പി അഷ്റഫാണ്‌ ഭർത്താവ്‌.  ഷിയാൻ, നിഷാൻ, നാസിയ എന്നിവർ മക്കൾ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top