19 December Thursday

പലനാൾ കള്ളൻ; ഒടുവിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ജോൺ പീറ്റർ

പയ്യന്നൂർ
ഒരേ സ്ഥാപനത്തിൽ നാലുതവണ കവർച്ച നടത്തിയ കള്ളൻ ഒടുവിൽ പൊലീസ്‌ പിടിയിൽ. റോയൽസിറ്റി കോംപ്ലക്സിലെ സ്‌കൈപ്പർ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ കോയമ്പത്തൂർ തുടിയല്ലൂർ ശുക്രൻപാളയത്തെ ജോൺ പീറ്ററാ(ശക്തിവേൽ–-32)ണ് പിടിയിലായത്.
   2022 ആഗസ്‌ത് അഞ്ചിന് രാവിലെയാണ്  സ്‌കൈപ്പർ സൂപ്പർ മാർക്കറ്റിൽ  കവർച്ച നടന്നതായി കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തെ എക്സ്‌ഹോസ്റ്റ്  ഫാൻ ഇളക്കിമാറ്റി  അകത്തുകടന്ന് രണ്ടുലക്ഷം രൂപ കവർന്നു. പഴയങ്ങാടിയിലെ എം പി മുഹമ്മദിന്റെയും മട്ടന്നൂരിലെ സലീമിന്റെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സമാന രീതിയിൽ 2023 ഫെബ്രുവരി 18നും ആഗസ്‌ത് നാലിനും  കഴിഞ്ഞ മെയ് അഞ്ചിനും കവർച്ച നടന്നു. 25,000 രൂപയും ജീവകാരുണ്യ  ഭണ്ഡാരത്തിലെ പണവും  സാധനങ്ങളും കവർന്നു.
സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം  പതിഞ്ഞിരുന്നു. എന്നാൽ കണ്ടെത്താനായില്ല. കഴിഞ്ഞവർഷം  ഒക്ടോബർ പതിനഞ്ചിന് രാത്രി പയ്യന്നൂർ സെൻട്രൽ ബസാറിലെ സുൽഫെക്‌സ് മാട്രസിൽനിന്ന്‌ 15,000 രൂപയും തൊട്ടടുത്ത ഐ മാക്‌സ് ഫുട് വെയറിൽനിന്ന്‌ 51,000 രൂപയും കവർന്നു. മൈത്രി ഹോട്ടലിന്റെ വാതിലും മേശയും പാത്രങ്ങളും നശിപ്പിച്ച മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണവും മോഷ്‌ടിച്ചു.  കഴിഞ്ഞ ദിവസം പയ്യന്നൂർ കേളോത്ത് ബദർ മസ്ജിദിന് സമീപം  കാസാ കസീനോ ഹോട്ടലിൽനിന്ന്‌  5300 രൂപയും 12000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു. ഹോട്ടലുടമ പടന്നയിലെ കെ കെ പി  ഷക്കീലിന്റെ പരാതിയിൽ  നടത്തിയ അന്വേഷണത്തിലാണ് ജോൺ പീറ്റർ  പിടിയിലായത്.   ഹോട്ടലിലെ മോഷണത്തിനുശേഷം ട്രെയിനിൽ കടന്നുകളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കോഴിക്കോടുനിന്നാണ് പിടികൂടിയത്.  കണ്ണൂർ റൂറൽ പൊലീസ് മേധാവി എം ഹേമലതയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈഎസ്‌പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.  എസ്ഐമാരായ സി സനീത്ത്, കെ സുഹൈൽ, എഎസ്ഐ ഷിജോ അഗസ്റ്റിൻ,  സിപിഒ മാരായ നൗഫൽ അഞ്ചിലത്ത്, അഷ്റഫ്, സിപിഒ ജബ്ബാർ എന്നിവരായിരുന്നു സ്‌ക്വാഡിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top