തളിപ്പറമ്പ്
ശാസ്ത്ര സാങ്കേതികവിദ്യയും വൈജ്ഞാനിക സമൂഹവും പരസ്പരം മത്സരിക്കുന്ന കാലത്ത് ഉന്നതപഠനം കാത്തിരിക്കുന്നവർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്ന ടേണിങ് പോയിന്റ് എഡ്യൂക്കേഷൻ –- കരിയർ എക്സ്പോ മൂന്നാം പതിപ്പിന് തളിപ്പറമ്പ് ഒരുങ്ങുന്നു. രണ്ടുദിവസത്തെ എക്സ്പോ നവംബർ 14ന് ധർമശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ആരംഭിക്കും. വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്താനുമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമാണിത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ മേഖലകൾ പരിചയപ്പെടാനും തൊഴിൽ തെരഞ്ഞെടുക്കാനും മാർഗ നിർദേശം നൽകുന്ന സവിശേഷ ഇടപെടലാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പേസ് എൻജിനിയറിങ്, നാനോ ടെക്നോളജി, ജനറ്റിക് എൻജിനിയറിങ്, മൈക്രോബയോളജി, ഇൻഫർമേഷൻ ടെക്നോളജി, ശാസ്ത്രം, സാങ്കേതികം, ആർട്സ്, സ്കിൽ എഡ്യുക്കേഷൻ, ഡാറ്റാ സയൻസ്, സിവിൽ സർവീസ്, പാരന്റിങ്, കൊമേഴ്സ്, ഉന്നത പഠനം, വിദേശ പഠനം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എക്സ്പോയിൽ ഉണ്ടാകും. രക്ഷിതാക്കൾക്കും സെമിനാർ ഒരുക്കും. രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കുനാകുക. ടേണിങ് പോയിന്റ് മൂന്നാം പതിപ്പിന്റെ ലോഗോ തളിപ്പറമ്പ് സത്യസായി ഹോമിയോ ഹാളിൽ നടി നിഖില വിമലിന് നൽകി എം വി ഗോവിന്ദൻ എംഎൽഎ പ്രകാശിപ്പിച്ചു. സമഗ്രവിദ്യാഭ്യാസ പദ്ധതി ചെയർമാൻ കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. ഹയർസെക്കൻഡറി ജില്ലാ കോ–-ഓഡിനേറ്റർ അനൂപ്കുമാർ, തളിപ്പറമ്പ് സൗത്ത് എഇഒ ജാൻസി ജോൺ, തളിപ്പറമ്പ് നോർത്ത് എഇഒ മനോജ് കുമാർ, പി ഒ മുരളീധരൻ, കെ സി സുനിൽ എന്നിവർ സംസാരിച്ചു. ഡോ. കെ പി രാജേഷ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..