ചെറുപുഴ
വെള്ളോറയിലെ പുലിപ്പേടിയിൽ കഴിയുന്ന മലയോരജനതയ്‌ക്ക് ഇരുട്ടടിയായി പ്രാപ്പൊയിൽ എയ്യൻകല്ലിൽ കരടിയുമിറങ്ങിയെന്ന് നാട്ടുകാർ. ബുധൻ രാവിലെ എയ്യൻകല്ലിലെ കണിയാമ്പറമ്പിൽ പൊന്നപ്പനാണ് കരടിയോട് സാദൃശ്യമുള്ള ജീവിയെ വീടിന് സമീപത്ത് കണ്ടുവെന്ന് പറഞ്ഞത്. പിന്നീട് തൂമ്പുങ്കൽ കുര്യനും കറുത്ത നിറത്തിൽ നിറയെ രോമങ്ങളോടുകൂടിയ ജീവിയെ കണ്ടതായി പറഞ്ഞു. ഇതിന് ഒരാഴ്ചമുമ്പ് എയ്യൻകല്ലിലെ രണ്ടുപേരും ഇവരുടെ വീടിന് സമീപത്തും ഇത്തരമൊരു ജീവിയെ കണ്ടതായി പഞ്ചായത്തംഗം വി ഭാർഗവിയെ അറിയിച്ചിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി രതീശന്റെ നേതൃത്വത്തിൽ വനം വകുപ്പധികൃതർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കരടിയുടേതായി സൂചന ലഭിച്ചില്ല.
കരടിയെന്നു സംശയിക്കുന്ന ജീവി പോയ വഴിയെയാണ് തെരച്ചിൽ നടത്തിയത്. ഈ ഭാഗത്ത് ആൾത്താമസമില്ല. റബർ തോട്ടവും കാടുകളുമാണ്. ഈ ഭാഗത്ത് കരടിയെത്താനുള്ള സാധ്യത കുറവാണെന്നാണ് വനം വകുപ്പധികൃതർ പറയുന്നത്. പ്രാപ്പൊയിൽ- രയരോം റോഡിൽ എയ്യൻകല്ല്, പെരുവട്ടം, കുണ്ടേരി എന്നിവിടങ്ങളിൽ ധാരാളം വിജനസ്ഥലങ്ങളുണ്ട്. ഇവിടെയൊക്കെ കുറുനരി, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ ധാരാളമുണ്ട്. ഇവിടെ മറ്റ് വന്യമൃഗങ്ങളും എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പുലിക്കുപിന്നാലെ കരടിയുമെത്തിയെന്ന വാർത്ത വന്നതോടെ റബർ ടാപ്പിങ് തൊഴിലാളികൾ ഏറെ ആശങ്കയിലാണ്. കാട്ടുപന്നിയെ പേടിച്ചാണ് പലരും ടാപ്പിങിന് പോകുന്നത്. കൃഷിയിടങ്ങളിൽ ജോലിക്ക് പോകാൻ ആളുകൾ മടിക്കുകയാണ്.
വെള്ളോറയിൽ
പുലിക്കെണി
വെള്ളോറ
നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന പുലിയെ പിടിക്കാൻ വെള്ളോറ പൊതുശ്മശാനത്തിന് സമീപം വനം വകുപ്പ് കൂടുവച്ചു. ഒരാഴ്ചയിലേറെയായി കക്കറ പ്രദേശത്ത് വിവിധയിടങ്ങളിൽ പുലിസാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. പെരിങ്ങോം–- -വയക്കര പഞ്ചായത്തിലെ കരിമണൽ പാറയിൽ വീടിനുമുന്നിൽ കെട്ടിയിട്ട വളർത്തു നായയെ കൊന്നുതിന്നു. വെള്ളോറയിൽ തൊഴുത്തിൽ കെട്ടിയ ആടുകളെ ആക്രമിക്കുകയും ഒന്നിനെ കൊല്ലുകയുംചെയ്തു. കടിയുടെ രീതി വച്ചാണ് പുലിയാകാമെന്ന് ധാരണയായത്. കഴിഞ്ഞ ദിവസം വെള്ളോറ താളിച്ചാലിൽ കാർ യാത്രികർ മുന്നിലൂടെ പുലി റോഡ് മുറിച്ചു കടക്കുന്നതിന്റെ വീഡിയോ പകർത്തിയത് പുറത്തുവന്നതോടെയാണ് വനം വകുപ്പ് ബുധനാഴ്ച കൂട് സ്ഥാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..