27 December Friday

എടയാർ ക്ഷേത്രത്തിൽ ഇന്ന് 
‘ഗജവീരൻ’ ശങ്കരനാരായണനെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

റോബോട്ട് ആന വടക്കുമ്പാട് ശങ്കരനാരായണൻ

കോളയാട് 
എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ തിടമ്പേറ്റാൻ വ്യാഴാഴ്‌ച  വടക്കുമ്പാട് ശങ്കരനാരായണനെത്തും. 600 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള ലക്ഷണമൊത്ത ഈ റോബോട്ടിക്  ഗജവീരനെ പകൽ 11-ന് താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെ  വരവേൽക്കും. ബാലതാരം ശ്രീപദ് യാൻ മുഖ്യാതിഥിയാകും.
 ചാലക്കുടിയിലെ സ്ഥാപനം നിർമിച്ച റോബോട്ടിക്‌ ആനയെ ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഡൽഹിയിലെ  പെറ്റ ഇന്ത്യയാണ് ക്ഷേത്രത്തിന്‌ സമർപ്പിക്കുന്നത്.   ആറുലക്ഷം രൂപയാണ് നിർമാണച്ചെലവ്. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന ആന യഥാർഥ ആനയുടെ പ്രതീതിയുണ്ടാക്കും. എഴുന്നെള്ളിപ്പിനായി പുറത്ത് കയറുന്നവരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമാണത്തിലെ  അസംസ്കൃത വസ്തുക്കൾ. ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തനം.  
ഓരോ വർഷവും 25 നാട്ടാന ദുരിതപൂർണമായ സാഹചര്യങ്ങളിൽ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ അക്രമത്തിൽ പാപ്പാന്മാരും കൊല്ലപ്പെടുന്നു. അതിന് പരിഹാരമായാണ് റോബോട്ടിക് ആനയെ വികസിപ്പിച്ചത്. ആനകളുടെ സംരക്ഷണത്തിനൊപ്പം ഉത്സവങ്ങൾക്കിടെ ആന ഇടഞ്ഞ് ഉണ്ടാകുന്ന അപകടം ഒഴിവാക്കുകയുമാണ് ലക്ഷ്യം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top