മയ്യിൽ
തളിപ്പറമ്പ്, മയ്യിൽ മേഖലയെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കുന്ന ചൊറുക്കള–-- ബാവുപ്പറമ്പ്- –-മയ്യിൽ- -–-എട്ടേയാർ കൊളോളം റോഡ് ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മയ്യിൽ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളെ സിആർസെഡ് രണ്ടിൽനിന്ന് മൂന്നിലേക്ക് ഉൾപ്പെടുത്തുക, നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശ്ശിക ഗഡുക്കളായി അടക്കാൻ അനുവദിക്കുക, പഴശ്ശി പദ്ധതിക്ക് ഏറ്റെടുത്ത് ഉപയോഗശൂന്യമായ സ്ഥലങ്ങളിൽ കളിസ്ഥലം നിർമിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകളെ അനുവദിക്കുക, മുല്ലക്കൊടി ടൂറിസം പദ്ധതി പൂർത്തിയാക്കുക, കാട്ടാമ്പള്ളി പദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുക, പുഴയോരത്ത് കരയിടിച്ചിൽ തടയാൻ നടപടിയെടുക്കുക, അരിമ്പ്ര വായനശാല- കുറ്റിച്ചിറ റോഡ് മെക്കാഡം റോഡ് ടാർ ചെയ്യുക, വടുവൻകുളം 33കെവി സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുക, മയ്യിൽ- വള്ളിയോട്ട് കടൂർമുക്ക് ലിങ്ക് റോഡ് പൂർത്തിയാക്കുക, മുല്ലക്കൊടി കൈവയൽ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 34 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, എൻ സുകന്യ തുടങ്ങിയവർ സംസാരിച്ചു. ടി പി മനോഹരൻ നന്ദി പറഞ്ഞു.
പാടിക്കുന്ന് സ്റ്റീൽ കമ്പനി റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർമാർച്ചും ബഹുജനപ്രകടനവുമുണ്ടായി. പൊതുസമ്മേളനം പറശ്ശിനി റോഡിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ അധ്യക്ഷനായി. ബിജു കണ്ടക്കൈ, ടി കെ ഗോവിന്ദൻ, കെ ചന്ദ്രൻ, കെ സി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
എൻ അനിൽകുമാർ
മയ്യിൽ ഏരിയാ സെക്രട്ടറി
മയ്യിൽ
സിപിഐ എം മ യ്യിൽ ഏരിയാ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും 23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
എ ബാലകൃഷ്ണൻ, കെ വി പവിത്രൻ, എൻ കെ രാജൻ, പി പവിത്രൻ, എം വി സുശീല, വി സജിത്, പി ശാന്തകുമാരി, കെ കെ റിജേഷ്, സി പി നാസർ, കെ പി രാധ, എ ടി ചന്ദ്രൻ, കെ അനിൽകുമാർ, കെ ബൈജു, എൻ അശോകൻ, പി കെ വിജയൻ, കെ പ്രിയേഷ്‌കുമാർ, എം ശ്രീധരൻ, കെ റനിൽ, എ പി മിഥുൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
ആർഎസ്‌എസിനെ വളർത്തുന്നത്
യുഡിഎഫ്: പുത്തലത്ത് ദിനേശൻ
മയ്യിൽ
കേരളത്തിൽ സംഘപരിവാറിനെയും ആർഎസ്എസിനെയും വളർത്തുന്നത് യുഡിഎഫാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. തൃശൂരിൽ ബിജെപി ജയിച്ചത് യുഡിഎഫുമായുള്ള അന്തർധാരയുടെ ഭാഗമായാണ്. ഇതാണ് പാലക്കാടും വടകരയിലും കണ്ടത്. സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ തകർക്കുകയെന്നതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ലക്ഷ്യം. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ എല്ലാ വർഗീയശക്തികളും ഒറ്റക്കെട്ടായി പണിപ്പെടുന്നുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും അവിശുദ്ധ രാഷ്ട്രീയകൂട്ടുകെട്ടിനെതിരെ മതനിരപേക്ഷത ഉർത്തിപ്പിടിച്ച് പോരാടണം. ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ.
എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷവും ബിജെപിയും നടത്തുന്നത്. കേന്ദ്രവിഹിതം നൽകാതെ കേരളത്തെ ശ്വാസംമുട്ടിക്കുമ്പോൾ പ്രതിപക്ഷം ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും പുത്തലത്ത് ദിനേശൻ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..