പിലാത്തറ
ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന് ശനിയാഴ്‌ച സമാപനം കുറിക്കും. പകൽ ഒരുമണിയോടെ ക്ഷേത്രമുറ്റത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. ഒന്നര പതിറ്റാണ്ടിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിൽ പതിനായിരങ്ങളാണ് എത്തിയത്. നാലുദിവസങ്ങളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ഓരോ ദിനവും ജനത്തിരക്കേറുകയാണ്. നാട് മുഴുവൻ ചെറുതാഴത്തേക്ക് കേന്ദ്രീകരിക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പെരുങ്കളിയാട്ടം ആസ്വദിക്കുകയാണവർ. ഭക്തർക്ക് സുഗമമായ ദർശനത്തിനായി വിപുലമായ സജ്ജീകരങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
പെരുങ്കളിയാട്ടം മൂന്നാം ദിവസമായ വെള്ളിയാഴ്ചയും ക്ഷേത്രവും പരിസരവും ജനത്തിരക്കായിരുന്നു. പുലർച്ചെ പുലിയൂർ കണ്ണൻ തെയ്യത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് കണ്ണങ്ങാട്ട് ഭഗവതിയും, പുലിയൂർ കാളിയും, വിഷ്ണുമൂർത്തിയും, കുണ്ടോറ ചാമുണ്ഡിയും നിറഞ്ഞാടി. ഉച്ചയോടെ കൂത്തും, ചങ്ങനും പൊങ്ങനും കോലങ്ങളും, മംഗലം കുഞ്ഞുങ്ങളോടുകൂടിയുള്ള തോറ്റവും നെയ്യാട്ടവും നടന്നു.
പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ടി വി രാജേഷ് മുഖ്യാതിഥിയായി. എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ടി സുലജ, എ പ്രാർഥന, കെ നാരായണൻ കുട്ടി, എം സി പ്രകാശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..