പയ്യന്നൂർ
കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി. ഓൺലൈനായും നേരിട്ടും 191 പരാതികളാണ് ലഭിച്ചത്. 326 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 517. അദാലത്തിന്റെ ഉദ്ഘാടനവേദിയിൽ ഒമ്പത് പേർക്ക് മന്ത്രി മുൻഗണനാ റേഷൻ കാർഡുകൾ വിതരണംചെയ്തു.
ചെറുപുഴ- – പാണ്ടിക്കടവ്- –
മണിമലക്കുന്ന് റോഡ്
ആസ്തിയിൽ ഉൾപ്പെടുത്തും
ചെറുപുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽപ്പെട്ട ചെറുപുഴ –- -പാണ്ടിക്കടവ് –- -മണിമലക്കുന്ന് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ പയ്യന്നൂർ താലൂക്ക് അദാലത്തിൽ തീരുമാനമായി. റോഡ് കമ്മിറ്റി കൺവീനർ ബിനു പുളിമൂട്ടിൽ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. റോഡ് നേരത്തെ പഞ്ചായത്ത് രേഖകളിൽ ഉണ്ടായിരുന്നതും ടാറിങ് നടത്തിയതുമാണ്. എന്നാൽ ഇപ്പോൾ റോഡ് പഞ്ചായത്ത് രേഖകളിൽ ഇല്ലെന്ന് റോഡ് കമ്മിറ്റി പരാതിപ്പെട്ടു. പരാതി സംബന്ധിച്ച് പഞ്ചായത്തിന്റെ സാങ്കേതിക വിഭാഗം നേരിട്ട് അന്വേഷിച്ചതായും അടുത്ത ഭരണസമിതി യോഗത്തിൽ ചർച് ചെയ്ത് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
കൈത്താങ്ങ് പ്രവാസികൾക്കും; വാണിജ്യ സമുച്ചയത്തിന് കെട്ടിട നമ്പർ
പ്രവാസികളായ നാലകത്ത് മൊയ്തീന്റേയും മുഹമ്മദ് ഹാരിസിന്റെയും ഏഴോം പഞ്ചായത്തിലെ നാല് നില വാണിജ്യ സമുച്ചയത്തിന് കെട്ടിട നമ്പർ അനുവദിക്കാൻ 'കരുതലും കൈത്താങ്ങും' പയ്യന്നൂർ താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. 2020ൽ പെർമിറ്റ് ലഭിച്ച കെട്ടിടത്തിന് നമ്പറിനായുള്ള നീണ്ട കാത്തിരിപ്പിനാണ് അറുതിയായത്. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ (കെസിഇസെഡ്എംഎ) അനുമതി ഇല്ലാത്തതിനാലാണ് കെട്ടിടത്തിന് നമ്പർ അനുവദിക്കാതിരുന്നത്.
നാലുനിലക്കട്ടിടം നിർമിക്കുന്നതിന് 2020ൽ പഞ്ചായത്തിൽനിന്ന് അനുമതി ലഭിച്ചിരുന്നു. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്ന മെമ്പർ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
2019 ജനുവരിയിലെ സിആർഇസെഡ് ഭൂപടമനുസരിച്ച് പുഴയരികിൽനിന്ന് കെട്ടിടത്തിലേക്കുള്ള ദൂരം (വികസന നിയന്ത്രിത മേഖല) 100 മീറ്റർ 50 ആക്കി ചുരുക്കിയിരുന്നു. എന്നാൽ കെട്ടിട നിർമാണം പൂർത്തിയായതിനുശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയപ്പോൾ തീരദേശ പരിപാലന നിയമ ലംഘനം ചൂണ്ടിക്കാട്ടി 2023 ആഗസ്‌തിൽ പഞ്ചായത്ത് സെക്രട്ടറി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് വീണ്ടും കത്തെഴുതുകയും അനുമതിക്ക് തടസ്സമില്ലെന്ന് അതോറിറ്റി മറുപടി നൽകുകയുംചെയ്‌തു. ഇത് പരിഗണിച്ചാണ് മന്ത്രിയുടെ നിർദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..