മോഹനന് പെൻഷനുറപ്പ്
അനാരോഗ്യത്താൽ ജോലിചെയ്യാനാകാത്ത തിരുമേനി സ്വദേശി ആർ മോഹനന് പെൻഷൻ ലഭിക്കാനുള്ള ശുപാർശ അയക്കാൻ ഡിഎംഒയോട് നിർദേശിച്ചു. കേരള കള്ള് ഷാപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മെഡിക്കൽ ബോർഡ് സർടിഫിക്കറ്റ് ഹാജരാക്കിയാലേ നടപടി സ്വീകരിക്കാനാകൂ എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ പൂർണമായും ശാശ്വതമായും ഒരു ജോലിയും ചെയ്യാൻ കഴിയില്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും പെൻഷൻ നടപടി സ്വീകരിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ശുപാർശ സഹിതം ഉടൻ അയക്കണമെന്നും നിർദേശിച്ചു. കഴിഞ്ഞ രണ്ട് വർഷമായി തിരുമേനിയിലുള്ള ഷാപ്പിലെ തൊഴിലാളിയായിരുന്നു മോഹനൻ. പെൻഷൻ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ മകളോടൊപ്പാണ് മോഹനനെത്തിയത്.
ശിവരാമന് കാർഷിക വൈദ്യുതി കണക്ഷൻ
കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം പയ്യന്നൂർ കരുവാച്ചേരിയിലെ വി വി ശിവരാമന് കാർഷിക വൈദ്യുതി കണക്ഷൻ നൽകാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഒവൈഇസി ഫീസ് കെഎസ്ഇബി വഹിക്കും. 42 സെന്റിൽ തെങ്ങ് കൃഷി ചെയ്യുന്ന ഇദ്ദേഹം കാർഷിക വൈദ്യുതിക്ക് 2011 മുതൽ എല്ലാ രേഖകളും സഹിതം അപേക്ഷിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കണക്ഷൻ അനുവദിച്ചത്.
ജാനകിക്ക് എഎവൈ കാർഡ്
റേഷൻകാർഡ് അന്ത്യോദയ അന്നയോജന ആക്കണമെന്ന അപേക്ഷയുമായാണ് രോഗിയായ ജാനകിയും ഭർത്താവ് രാധാകൃഷ്ണനും പയ്യന്നൂർ താലൂക്ക് അദാലത്തിന് എത്തിയത്. മക്കളില്ലാത്ത ഇവർക്ക് എട്ടു സെന്റ് ഭൂമിയും ഷീറ്റിട്ട വീടും മാത്രമാണുള്ളത്. പെരിങ്ങോം–- വയക്കര പഞ്ചായത്തിലെ വാച്ചാലിൽ താമസിക്കുന്ന ജാനകിയുടെ പരാതിയിൽ അനുകൂല നടപടി സ്വീകരിച്ചതായി അറിയിച്ചതോടെ അതിയായ സന്തോഷത്തോടെയാണ് ഇരുവരും മടങ്ങിയത്.
ശ്യാംലാലിന് പറക്കാം
കൊട്ടില സ്വദേശി ശശീന്ദ്രന്റെ മകൻ ശ്യാംലാലിന് വിദേശ ജോലിക്ക് വേണ്ടിയുള്ള ധനസഹായം അനുവദിക്കാൻ അദാലത്തിൽ തീരുമാനം. ഫണ്ട് ഉടൻ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പട്ടികജാതിവികസന ഓഫീസിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് വിദേശ തൊഴിലിന് വേണ്ടി ധനസഹായം അനുവദിക്കുന്നതിനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നിർദേശം.
പത്ത് മുൻഗണനാ റേഷൻകാർഡുകൾ നൽകി
പയ്യന്നൂർ
രോഗങ്ങളാൽ വലഞ്ഞവർക്ക് മുൻഗണനാ റേഷൻകാർഡുകൾ നൽകിയും സാങ്കേതിക ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചും പയ്യന്നൂർ താലൂക്ക് അദാലത്ത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. പുതിയ പരാതികൾ പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകും. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. എം വിജിൻ എംഎൽഎ, എഡിഎം സി പത്മചന്ദ്രക്കുറുപ്പ്, ജില്ല പഞ്ചായത്തംഗം എം രാഘവൻ, പയ്യന്നൂർ നഗരസഭാ ചെയർമാൻ കെ വി ലളിത, പി വി വത്സല എന്നിവർ പങ്കെടുത്തു.
പത്ത് പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകി. ശാന്ത വെങ്ങര, ശാരദ കാറമേൽ, സരോജിനി എരമം–- -കുറ്റൂർ, ഇളയേടത്ത് പൂമണി പെരിങ്ങോം–- -വയക്കര, പി വി ശ്രീജ രാമന്തളി, ഫൗസിയ മാടായി, രാഗിണി പയ്യന്നൂർ, ശ്യാമള കാങ്കോൽ, എ കമലാക്ഷി കാനായി, പി ഉമീറ വെള്ളൂർ എന്നിവർക്കാണ് കാർഡുകൾ നൽകിയത്. കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്ത് 16ന് ഇരിട്ടിയിൽ സമാപിക്കും. രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഹാളിലാണ് അദാലത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..