പേരാവൂർ
‘‘ചെക്കൻ രാക്കൊണ്ടെ തൊടങ്ങും ‘കുന്ത്രാണ്ടോം’ പിടിച്ച് കുത്താനും പിടിക്കാനും...എന്ത്‌ന്നപ്പ ഇത്’’ എന്ന് പറഞ്ഞിരുന്ന രാധേട്ടി കേളകം പഞ്ചായത്ത് ഹാളിൽ നടന്ന ഡിജിറ്റൽ പരിശീലന പരിപാടിക്കെത്തിയപ്പോൾ ആളാകെ മാറി. പരിശീലകയുടെ സഹായത്താൽ ഡിജിറ്റൽ പ്രവേശനോത്സവത്തിൽ വെറും അഞ്ചുമിനിറ്റുകൊണ്ട് അതേ ‘കുന്ത്രാണ്ട’ത്തിൽ വൈദ്യുതി ബിൽ ഗൂഗിൾ പേയിൽ അയച്ചുകൊടുത്തു. ‘‘ഒരെടങ്ങേറുമില്ലല്ലോ ഇത് നല്ല സംഗതി തന്നെ’’ എന്നുപറഞ്ഞ് മൊബൈൽ ഫോൺ കൈമാറുമ്പോൾ സന്തോഷം.
ജില്ലാ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ‘ഡിജി കേരളം’സർവേ നടപടികൾ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായ കേളകത്തിൽ പഠിതാക്കളെല്ലാം സന്തോഷത്തിലാണ്. സ്മാർട്ട് ഫോൺ ഉപയോഗം, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫെയ്സ്ബുക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കൽ, പണം ട്രാൻസ്‌ഫർ ചെയ്യൽ, എടിഎം ഉപയോഗം തുടങ്ങിയവയാണ് പാഠ്യ വിഷയങ്ങൾ. ഡിജിറ്റൽ ഉപകരണങ്ങൾ, ആപ്പുകൾ എന്നിവയുടെ ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണദോഷങ്ങളെ കുറിച്ച് അവബോധം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാർ ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകും. പഠിതാക്കളുടെ സൗകര്യമനുസരിച്ച് പരിശീലകർ ക്ലാസെടുക്കും. ഒരുവീട്ടിൽ ഒരാളെയെങ്കിലും ഡിജിറ്റൽ സാക്ഷരരാക്കുകയെന്നതാണ് ലക്ഷ്യം. ദൈനംദിന കാര്യങ്ങളെല്ലാം ഓൺലൈനായി ചെയ്യാൻ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കേളകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിർവഹിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ സറീന എ റഹ്മാൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി ഗീത, ജില്ലാ നോഡൽ ഓഫീസർ പി വി ജസീർ, പഞ്ചായത്ത് സെക്രട്ടറി എം ബി ലതിക, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, സജീവൻ പാലുമ്മി, കെ കെ ഫ്രാൻസിസ്, സന്തോഷ് കെ തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..