27 December Friday

കൃഷിയിലും വേരുപിടിപ്പിച്ച 
‘സഹകാരി’

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ തണ്ണിമത്തൻ കൃഷി

കാവിൻമൂല
സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണ്‌ അഞ്ചരക്കണ്ടി ഫാർമേഴ്സ്  സഹകരണ ബാങ്കിന്‌ പറയാനുള്ളത്‌. സംസ്ഥാന കൃഷിവകുപ്പിന്റെ  മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചതിലൂടെ   ബാങ്കിത്‌ വീണ്ടും തെളിയിച്ചു.  ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ മേഖലകളിൽ സാമൂഹിക നന്മയ്ക്ക് ഊന്നൽ നൽകിയാണ് ബാങ്കിന്റെ പ്രവർത്തനം. 
1914 ൽ ഇംഗ്ലീഷുകാരനായ ആർ എ ബ്രൗൺ സായിപ്പിന്റെ നേതൃത്വത്തിൽ 27 രൂപ ഓഹരി മൂലധനത്തിൽ ആരംഭിച്ച  വായ്‌പാ സംഘമാണിന്ന് ഒരു ദേശത്തിന്റെ  കാർഷിക മുന്നേറ്റത്തിന് ചുക്കാൻപിടിക്കുന്നത്.
ഒരുകാലത്ത്‌  നാളികേരത്തിന് വിലത്തകർച്ച ഉണ്ടായപ്പോൾ സാധാരണ കർഷകരെ സംരക്ഷിക്കാൻ  ആരംഭിച്ച നാളികേര സംസ്കരണം, ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട നാളികേര  സംസ്‌കരണ കേന്ദ്രമാണ്‌. 12  മൂല്യവർധിത  ഉൽപ്പന്നങ്ങൾ  നിർമിച്ച് വിപണിയിലിറക്കുന്നു.  സഹകാരി വെളിച്ചെണ്ണയടക്കും  മിക്ക ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിലും വിദേശത്തും വിപണിയുണ്ട്‌. ഒരുലക്ഷം തേങ്ങ 24 മണിക്കൂർകൊണ്ട് വെളിച്ചെണ്ണയാക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഡ്രയർ  സംസ്കരണ യൂണിറ്റിലുണ്ട്. മരച്ചീനി, തണ്ണിമത്തൻ, പച്ചക്കറികൾ, വാഴ, നെല്ല് എന്നിവയും  ഉൽപ്പാദിപ്പിക്കുന്നു. ചകിരി സംസ്കരണ യൂണിറ്റുമുണ്ട്‌. കോക്കനട്ട് ഡെവലപ്പ്മെന്റ്‌ ബോർഡിന്റെ  ദേശീയ പുരസ്കാരം, നബാർഡിന്റെ മികച്ച നാളികേര യൂണിറ്റിനുള്ള  പുരസ്‌കാരം, സഹകരണ വകുപ്പ്‌ പുരസ്‌കാരം എന്നിവയും  ലഭിച്ചു. സി അനീഷ് ബാബു പ്രസിഡന്റും പി മനോജ് കുമാർ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയാണ്  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top