23 December Monday

ശ്രദ്ധിക്കുക ഇവിടെ അപകടം പതിയിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

അപകടം നിത്യസംഭവമായ മാതമംഗലം-–-പൊന്നമ്പാറ റോഡ്

കുറ്റൂർ
അപകടക്കെണിയായി മാതമംഗലം–-കുറ്റൂർ- –-പൊന്നമ്പാറ റോഡ്. കൊടുംവളവുകളും റോഡിന്റെ ഇരുവശത്തും തിങ്ങിനിറഞ്ഞ കാടും കാരണമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ഈയിടെ കുറ്റൂർ കൂവപ്പയിൽ സ്കൂട്ടർ ടോറസിനെ മറികടക്കുമ്പോൾ എതിരെ വന്ന വാൻ ഇടിച്ച്‌ സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. കുറ്റൂർ മുതൽ കണ്ണാടിപ്പൊയിൽവരെയുള്ള നാലുകിലോമീറ്റർ ദൂരമാണ് ഏറ്റവും അപകടം നിറഞ്ഞത്. എട്ട് കൊടുംവളവുകളും പത്തു ചെറിയ വളവുകളും തിരിവുകളുമുള്ള ഈ ഭാഗത്ത് പരിചയസമ്പന്നർപോലും അപകടത്തിൽപ്പെടുന്നു. അപകടങ്ങളുണ്ടായാൽ ഗതാഗതക്കുരുക്കും തലവേദനയാണ്‌. വീതികുറഞ്ഞ റോഡിൽ ഇരുവശത്തും തിങ്ങിനിറഞ്ഞ കാട്‌ വാഹനമോടിക്കുന്നവരുടെ കാഴ്‌ച മറയ്‌ക്കുന്നതാണ്‌ പലപ്പോഴും അപകടത്തിന്‌ വഴിവയ്‌ക്കുന്നത്‌. പലസ്ഥലത്തും റോഡിന് സംരക്ഷണ വേലിയിമില്ല. 
കുറ്റൂർ ടൗണിന് സമീപത്തെ കയറ്റത്തിൽ മൂന്ന് ലോറികൾ കൂട്ടിയിടിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. പാറമടകളിൽനിന്നുൾപ്പെടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾകാരണം പൊതുവെ വീതികുറഞ്ഞ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. കുറ്റൂർ മുതൽ കണ്ണാടിപ്പൊയിൽവരെയുള്ള വാഹനങ്ങളെ മറികടക്കൽ പലപ്പോഴും അസാധ്യമാണ്. അപകടങ്ങൾ പെരുകിയതോടെ പൊതുമരാമത്ത് വകുപ്പും നാട്ടുകാരും ഇടപെട്ട് ഇരുവശത്തുമുള്ള കാട്‌ വെട്ടിത്തെളിക്കുന്നുണ്ട്‌.  
അപകടങ്ങൾ ആശങ്ക
 ‘അപകടങ്ങൾ നിത്യസംഭവമാകുന്നത് ആശങ്കപ്പെടുത്തുന്നു. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച്‌, വളവുകൾ പരമാവധി നിവർത്തി, ഹമ്പുകൾ സ്ഥാപിക്കണം. 
-പി ബാലകൃഷ്ണൻ, (സിപിഐ എം കുറ്റൂർ ലോക്കൽ സെക്രട്ടറി)
വീതികൂട്ടി റീ ടാറിങ് ചെയ്യണം
റോഡിന്റെ വീതിക്കുറവാണ്‌ അപകടത്തിൽ പ്രധാന പങ്കുവഹിക്കുന്നത്‌. മറ്റു പൊതുമരാമത്ത് റോഡിന്റെ വീതി ഇവിടെയില്ല. അടിയന്തരമായി വീതികൂട്ടി മെക്കാഡം റീ ടാറിങ് ചെയ്യണം.
പി പി വിജയൻ, (എരമം-–- കുറ്റൂർ പഞ്ചായത്തംഗം)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top