കണ്ണൂർ
ജില്ലയിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വലവിജയം. തെരഞ്ഞെടുപ്പ് നടന്ന 110 സ്കൂളിൽ തൊണ്ണൂറിലും എസ്എഫ്ഐ വിജയിച്ചു. ‘പെരുംനുണകൾക്കെതിരെ സമരമാകുക’ മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
മാടായി ഗവ. സ്കൂൾ, ചിറ്റാരിപ്പറമ്പ് എച്ച്‌എസ്‌എസ്, മുണ്ടേരി എച്ച്‌എസ്‌എസ്, ചാല ഗവ. എച്ച്‌എസ്‌എസ്, തോട്ടട ഗവ. എച്ച്‌എസ്‌എസ് എന്നീ സ്കൂളുകളിൽ എസ്എഫ്ഐ സീറ്റുകൾ തിരിച്ചുപിടിച്ചു.
പയ്യന്നൂർ, പാപ്പിനിശേരി, തളിപ്പറമ്പ്, മാടായി, കണ്ണൂർ, തലശേരി ഏരിയകളിൽ മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. മയ്യിൽ ഏരിയയിൽ നാലിൽ മൂന്ന് സ്കൂളിലും പെരിങ്ങോത്ത് പത്തിൽ ഏഴു സ്കൂളിലും അഞ്ചരക്കണ്ടിയിൽ അഞ്ചിൽ മൂന്ന് സ്കൂളിലും കൂത്തുപറമ്പിൽ ഏഴിൽ നാല് സ്കൂളിലും ശ്രീകണ്ഠപുരത്ത് അഞ്ചിൽ നാലിലും പിണറായിയിൽ അഞ്ചിൽ നാലിലും പാനൂരിൽ എട്ടിൽ ഏഴിലും പേരാവൂരിൽ അഞ്ചിൽ നാലിലും എടക്കാട് ആറിൽ അഞ്ചിലും എസ്‌എഫ്‌ഐ വിജയിച്ചു.
എസ്‌എഫ്‌ഐ പാനലിൽ വിജയിച്ച വിദ്യാർഥികളെയും എസ്എഫ്ഐയെ വിജയിപ്പിച്ച വിദ്യാർഥികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു. മതനിരപേക്ഷ ജനാധിപത്യബോധ്യങ്ങളുയർത്തി വലതുപക്ഷ മാധ്യമ നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞതിന്റെ ഉദാഹരണമാണ് വിജയമെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..