19 December Thursday

ഭീതിയുടെ 
കടലിരമ്പം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കടലാക്രമണത്തിൽ പുന്നോൽ പെട്ടിപ്പാലം കോളനിയിലെ ഇ ഖാദറിന്റെ വീടിന്റെ ചുമർ തകർന്ന നിലയിൽ

തലശേരി

തീരാത്ത ഭീതിയിലാണ്‌  ദേശീയ പാതക്കരികിലെ  പുന്നോൽ  പെട്ടിപ്പാലം കോളനി നിവാസികൾ.  ബുധൻ രാവിലെ വീണ്ടുമുണ്ടായ കടലാക്രമണത്തിൽ അഞ്ച്‌ വീടുകൾക്കാണ്‌ നാശമുണ്ടായത്‌. നിരവധി വീടുകൾ അപകട ഭീഷണിയിലായി.  രാവിലെ ആറോടെയാണ്  കടലാക്രമണം രൂക്ഷമായത്.  ഇ ഖാദറിന്റെ വീട്ടിൽ തിരകൾ ഇരച്ചുകയറി ചുവരിടിഞ്ഞു. മണലടങ്ങിയ ചെളിയും അടിച്ചുകയറി. വീടിന്‌ സമീപത്തെ മാരിയമ്മൻ കോവിൽ തകർന്നു. കഴിഞ്ഞ മഴക്കാലത്ത്‌  പുതുക്കിപ്പണിത കോവിലാണ്‌ തകർന്നത്‌. കാളിമുത്തു, ധർമരാജ്‌, സി രാജു, എസ്‌ കെ ഫാത്തിമ എന്നിവരുടെ വീടുകളിലും വെള്ളംകയറി നാശമുണ്ടായി.   വീടിനകത്തെ ഫർണിച്ചറുകളും വസ്‌ത്രങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. 

   76  കുടുംബങ്ങളാണ്‌ കോളനിയിലുള്ളത്. ശക്തമായ തിരയിൽ ദേശീയപാത വരെയും വെള്ളം കയറി ചെളിനിറഞ്ഞ നിലയിലാണ്‌. കിടപ്പുരോഗിയായ അർഷാദിനെ  തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 നഗരസഭാ ചെയർമാൻ  കെ എം ജമുനാറാണി, വൈസ്‌ ചെയർമാൻ എം വി ജയരാജൻ, നഗരസഭ ഉദ്യോഗസ്ഥർ, തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കുടുംബങ്ങളോട്  മദ്രസത്തുൽ മുബാറക് ഹയർസെക്കൻഡറി സ്‌കൂളിലെ ഷെൽട്ടറിലേക്കോ, സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് ആവശ്യപ്പെട്ടു.  പൊലീസ് സംഘവും സ്ഥലത്തെത്തി. കടലാക്രമണ ഭീഷണിയിലുള്ള മേഖലയിൽ രണ്ട്‌ പുലിമുട്ടുകൾകൂടി സ്ഥാപിക്കാനും വെളളം കയറുന്നത്‌ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടതായി സിപിഐ എം തലശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം  കാരായി രാജൻ,  സി ടി അബ്ദുൽ ഖിലാബ്  എന്നിവരും  കോളനി സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top