കണ്ണൂർ
അലഞ്ഞുതിരിയുന്ന കന്നുകാലികൾ, തെരുവുനായകൾ, പന്നികൾ എന്നിവകാരണം കോർപറേഷനിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായെന്ന് കൗൺസിലിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ പരാതി. നഗരത്തിൽ എല്ലായിടത്തും ആക്രമണകാരികളായ തെരുവുനായകൾ ജനജീവന് ഭീഷണിയാണ്. ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രതിസന്ധിയിലാകുമെന്നും കൗൺസിലർമാർ പറഞ്ഞു. തെരുവുനായകൾക്ക് ഷെൽട്ടർ ഒരുക്കാൻ തയ്യാറാണെന്നും എന്നാൽ, അതിനുള്ള സ്ഥലം എവിടെയും കണ്ടെത്താൻ സാധിക്കാത്തതാണ് പ്രതിസന്ധിയെന്നും മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു.
രാത്രികാലങ്ങളിൽ പന്നികൾ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾക്കുണ്ടെങ്കിലും വെടിവയ്‌ക്കാനുള്ള ആളുകളെ ലഭിക്കാത്തതാണ് പ്രതിസന്ധി.
നഗരത്തിൽ കന്നുകാലികളെ അലക്ഷ്യമായി അഴിച്ചുവിടുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ കോർപറേഷൻ പൊലീസുമായി ധാരണയായിട്ടുണ്ട്. ഇവയെ വിട്ടുകൊടുക്കുമ്പോൾ പിടുത്തക്കൂലിയായി കന്നുകാലിക്ക് 5000 രൂപ, കിടാവിന് ഒന്നിന് 3000, ഒരുദിവസത്തെ ഭക്ഷണത്തിന് 1000 രൂപ എന്നിങ്ങനെയായി വർധിപ്പിച്ചു. ഷെൽട്ടറുകളിൽ കന്നുകാലികളെ സംരംക്ഷിക്കുന്നത് ഒരാഴ്‌ചയിൽനിന്ന് അഞ്ചു ദിവസമാക്കി. അനിയന്ത്രിതമായി തുക വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി. സിറ്റി ഗ്യാസ് പദ്ധതി, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ തുടങ്ങിയവയുടെ പ്രവൃത്തിക്കായി പൊട്ടിപ്പൊളിച്ച റോഡുകൾ ശോച്യാവസ്ഥയിലാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കുഴികളിൽപ്പെട്ട് വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരംസംഭവമാണ്. ഓരോ ഡിവിഷനുകളിലും എൻജിനിയറിങ് വിഭാഗത്തിന്റെ അനാസ്ഥ കാരണം വർക്കുകളെല്ലാം സ്‌പിൽ ഓവറായി. കോർപറേഷന്റെ കെടുകാര്യസ്ഥതയാണ് പൊട്ടിപ്പൊളിഞ്ഞ റോഡുകളെന്നും പ്രതിപക്ഷ കൗൺസിലർമാർ വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. ഇത് പ്രമേയമായി ഉന്നയിക്കണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തി. ഡെപ്യൂട്ടി മേയർ പി ഇന്ദിര, സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, പി കെ രാഗേഷ്, എം പി രാജേഷ് , കെ പ്രദീപൻ, ടി ഒ മോഹനൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..