അഴീക്കോട്
സിപിഐ എം കണ്ണൂർ ഏരിയാസമ്മേളനത്തിന് ഉജ്വല തുടക്കം. ശനി രാവിലെ മീൻകുന്നിലെ എം ധനേഷ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശൻ ജാഥാ ലീഡർ പി പ്രശാന്തന് കൈമാറി. ദീപശിഖാറാലി അഴീക്കോട് ചാലിലെ സ്വപ്‌നതീരം ഓഡിറ്റോറിയത്തിലെ ചക്കര ശിവാനന്ദൻ നഗറിൽ എത്തിച്ചു. തുടർന്ന‍് ഏരിയാ കമ്മിറ്റിയംഗം കുടുവൻ പത്മനാഭൻ പതാക ഉയർത്തി.
പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. പി രമേശ് ബാബു താൽക്കാലിക അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ രക്തസാക്ഷി പ്രമേയവും പോത്തോടി സജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി രമേശ്ബാബു (കൺവീനർ), കെ വി ഉഷ, എ പി അൻവീർ, കെ മഹേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച ആരംഭിച്ചു.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, മുതിർന്ന നേതാവ് കെ പി സഹദേവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, കെ വി സുമേഷ് എംഎൽഎ, എൻ സുകന്യ, ജില്ലാ കമ്മിറ്റി അംഗം എം വി നികേഷ്‌കുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ കെ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.
14 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 145 പ്രതിനിധികളും ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പടെ 168 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായർ വൈകിട്ട് മൂന്നുനിരത്ത് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും വളന്റിയർ മാർച്ചും നടക്കും. ചാൽ ബീച്ചിലെ കല്ലേൻ പവിത്രൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും.
വയനാടിന് സഹായം നിഷേധിക്കൽ
യുഡിഎഫ് എംപിമാർ പ്രതികരിക്കാത്തതെന്ത്:
ഇ പി
കണ്ണൂർ
ഉരുൾപ്പൊട്ടൽ കൊടുംനാശം വിതച്ച വയനാടിന് കേന്ദ്രസഹായം നിഷേധിക്കുന്നതിൽ യുഡിഎഫ് എംപിമാർ പ്രതികരിക്കാത്തതെന്തെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. 19 യുഡിഎഫ് എംപിമാർ കേരളത്തിലുണ്ട്. ഇവരിൽ ആരെങ്കിലും ഡൽഹിയിൽ കേരളത്തിന്റെ ആവശ്യം ഉന്നയിച്ചോ?. ഉറങ്ങിക്കിടന്ന അനേകം മനുഷ്യർ മണ്ണിനടിയിൽപ്പെട്ട് മരിച്ചുപോയ വൻ ദുരന്തത്തിൽ പോലും യുഡിഎഫിന്റെ രാഷ്‌ട്രീയവും നിലപാടുമിതാണെന്നും ഇ പി പറഞ്ഞു. സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം വന്നപ്പോൾ ബിജെപി ഭരിക്കുന്ന കേന്ദ്രം സ്വീകരിച്ച സമാന നിലപാടാണ് യുഡിഎഫും സ്വീകരിച്ചത്. സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ടുകളെല്ലാം വെട്ടിക്കുറച്ചപ്പോൾ സംസ്ഥാന സർക്കാർ പ്രതിസന്ധികളെ മറികടക്കാൻ അനേകം നടപടികൾ സ്വീകരിച്ചു. എന്നാൽ, അതിനും തുരങ്കംവയ്‌ക്കുകയായിരുന്നു യുഡിഎഫ്.
വർഗീയ അജൻഡയുള്ള ബിജെപിക്കെതിരെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിൽ പാർടികളെ ഒന്നിപ്പിച്ചത് സിപിഐ എമ്മാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിക്കും കാരണം ഇന്ത്യാ മുന്നണിയായിരുന്നു. എന്നാൽ, കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ബിജെപിവിരുദ്ധ പാർടികളെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. ഇ പി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..