കണ്ണൂർ
വിളഞ്ഞ നെൽപ്പാടത്തിന് നടുവിലൂടെ ഒഴുകുന്ന തെളിനീർ... കല്ലുപാകി സോളാർ വെളിച്ചംനിറഞ്ഞ ഇരിപ്പിടങ്ങൾ.. മാലിന്യപ്പുഴയായി ഒഴുക്കുനിലച്ച കാനാമ്പുഴ അതിന്റെ പ്രൗഢിയിൽ വീണ്ടും ഒഴുകുമ്പോൾ തിരികെയെത്തിയത് പോയ്‌മറഞ്ഞ കാർഷികസംസ്‌കൃതിയും. നഗരത്തിന്റെ തിരക്കിൽനിന്നുമാറി പ്രകൃതിരമണീയസ്ഥലത്ത് സമയം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം നിരവധി പേരാണെത്തുന്നത്. ഗ്രാമീണദൃശ്യങ്ങൾ പകർത്താനും ഉല്ലസിക്കാനുമുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇവിടം. ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്‌ഘാടനത്തിനൊരുങ്ങുന്ന കാനാമ്പുഴ കാർഷികസംസ്‌കൃതിയുടെ പുതുചരിത്രംകുറിക്കുകയാണ്.
മുണ്ടേരി അയ്യപ്പൻ മലയിൽനിന്നാരംഭിച്ച് അറബിക്കടലിൽ ചേരുന്ന പുഴയ്‌ക്ക് പത്ത് കിലോമീറ്ററാണ് നീളം. നഗരവൽക്കരണം ചെറിയ പുഴയിൽ മാലിന്യംനിറച്ചു. ദുർഗന്ധത്തിനൊപ്പം സാംക്രമികരോഗ വ്യാപന ഭീഷണിയും ഉയർത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന് രാമചന്ദ്രൻ കടന്നപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ‘കണ്ണൂർ കാലത്തിനൊപ്പം’ വികസന സെമിനാറിലാണ് കാനാമ്പുഴ സംരക്ഷണ നിർദേശങ്ങൾ ഉയർന്നത്. തുടർന്ന് എംഎൽഎ ചെയർമാനും എൻ ചന്ദ്രൻ കൺവീനറുമായി ‘കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി’ രൂപീകരിച്ചു. ഇരുകരയിലെയും കർഷകരും രാഷ്‌ട്രീയ സാംസ്‌കാരിക സന്നദ്ധപ്രവർത്തകരും ഇതിനായി ഒന്നിച്ചു. അയ്യായിരം വളന്റിയർമാർ കൈകോർത്ത് മാലിന്യംനീക്കി. പ്രാദേശിക യോഗങ്ങളും പുഴയറിയാൻ യാത്രയും നടത്തി. 73.75 കോടി രൂപയുടെ ജനകീയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി.
പ്രദേശികമായി നാല് നീർത്തട സമിതികളും സൂക്ഷ്‌മതല നീർത്തട സമിതികളും രൂപീകരിച്ച് തീരത്തെ പത്തു കുളങ്ങൾ ശുചീകരിച്ചു. പുഴയ്‌ക്കിരുവശമുള്ള തരിശു പാടത്ത് കർഷകകൂട്ടായ്‌മ കൃഷിയിറക്കി. ജലസേചന വകുപ്പ് 4.40 കോടി രൂപയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപയും ചെലവഴിച്ച് നടത്തിയ പ്രവൃത്തി പൂർത്തിയായി. നബാർഡിന്റെ 1.80 കോടി രൂപയുടെ മണ്ണ് ജലസംരക്ഷണ പ്രവൃത്തികളും നടത്തി. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചു.
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം 26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇതിന് മുന്നോടിയായി ജനകീയശ്രമദാനത്തിലൂടെ കാനാമ്പുഴ ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെ ശുചീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..