പാനൂർ
നാട് തരിശ്‌രഹിതമാക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് കെ പി ശശിധരൻ. രണ്ട് ഏക്കറോളം ഭൂമിയിൽ ആയിരത്തിയഞ്ഞൂറോളം വാഴകൾ, മരച്ചീനി, വെള്ളരി, കയ്‌പ, പയർ ഉൾപ്പെടെയുള്ള പച്ചക്കറികൾ... താഴെ ചമ്പാട് സ്വദേശിയും പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ പി ശശിധരന്റെ കൃഷിപ്പെരുമ പറഞ്ഞാൽ തീരില്ല.
പത്താംവയസിൽ അച്ഛൻ നാണുവിന്റെ കൂടെ കൃഷിപ്പണിക്ക് സഹായിച്ചാണ് തുടക്കം. അച്ഛൻ മരിച്ചശേഷം കൃഷിയുടെ ചുമതല ശശിധരൻ ഏറ്റെടുത്തു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി നിർമാണത്തൊഴിലിനൊപ്പം കൃഷിയിലുമിറങ്ങി. കോവിഡുണ്ടാക്കിയ അനിശ്ചിതത്വം നിർമാണത്തൊഴിൽ ഉപേക്ഷിച്ച് നൂറു ശതമാനം കൃഷിയിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി.
പരിചയക്കാരുടെ ഉടമസ്ഥതയിലുള്ള തരിശ് ഭൂമിയിലെല്ലാം ശശിധരൻ കൃഷി തുടങ്ങി. പുഞ്ചക്കരയിലെ വി കെ കെ റഹീസിന്റെ ചാത്തോത്ത് താഴെ അമ്പത് സെന്റ് ഭൂമിയിലും യങ് സ്റ്റാർ ക്ലബ്ബിന് സമീപം വി പി കെ ലത്തീഫിന്റെ ഒരാങ്കൂൽതാഴെ അമ്പത് സെന്റ്‌ഭൂമിയിലും കെസികെ നഗറിൽ മീഞ്ചറയിൽതാഴെ റിയാസിന്റെ ഒരു ഏക്കറോളം ഭൂമിയിലുമാണ് നിലവിൽ കൃഷിയുള്ളത്.
വാഴ കൃഷിയിൽ സ്വർണമുഖി, മഞ്ചേരി കുള്ളൻ ഇനങ്ങളിൽപ്പെട്ട കന്നുകളാണ് ഉപയോഗിക്കുന്നത്. മഞ്ചേരി കൂള്ളൻ വാഴകൾ ഒമ്പത് മാസങ്ങൾക്കുള്ളിൽ പാകമാവുമെങ്കിലും ഇവയിൽ കായ കുറവായിരിക്കും. എന്നാൽ 15 മാസത്തിനുള്ളിൽ വിളവെടുക്കുന്ന സ്വർണമുഖിയുടെ ഒരു കുല 30 കിലോയിൽ അധികം തൂക്കമുണ്ടായിട്ടുണ്ടെന്നും ശശിധരൻ പറയുന്നു.
ജൈവവളമാണ് കൂടുതലും ഉപയോഗിക്കുന്നത്. പന്ന്യന്നൂർ കൃഷിഭവനിൽനിന്നും സബ്സിഡിയിൽ രണ്ടു പമ്പ് സെറ്റുകൾ ലഭിച്ചു. വാഴ ക്കൂമ്പുകളും ചെറുകുലകളും പച്ചക്കറികളും പ്രദേശത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് സൗജന്യമായി നൽകും.
സർക്കാറിന്റെ തരിശ് രഹിതകേരളം പദ്ധതിക്കായാണ് ഈ അധ്വാനം. യുവാക്കളെയുൾപ്പെടെ കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും സിപിഐ എം ചമ്പാട് ലോക്കൽ കമ്മിറ്റിയംഗംകൂടിയായ ശശിധരൻ പറഞ്ഞു. പാചക വിദഗ്‌ധൻകൂടിയാണ് ശശിധരൻ. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും മണ്ണിനെ ചേർത്തുപിടിക്കാതെ ഒരു ജീവിതമില്ലെന്ന് കെ പി ശശിധരൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..