32 കുടുംബങ്ങൾക്ക്
മുൻഗണനാ റേഷൻ കാർഡ്
അദാലത്തിൽ 32 കുടുംബങ്ങൾക്ക് എഎവൈ, പിഎച്ച്എച്ച് മുൻഗണനാ റേഷൻ കാർഡുകൾ നൽകി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവർ കാർഡുകൾ വിതരണംചെയ്തു. ആറളം നെടുമുണ്ടയിലെ വി വി സജിത, മട്ടന്നൂർ മണക്കായിയിലെ കെ നിമിത, പടിയൂരിലെ പുത്തൻപറമ്പ് അലീമ, വെളിയമ്പ്രയിലെ കെ ആയിഷ, ആറളം നരിക്കോട്ടെ എ ടി നീതു, മണിപ്പാറ നടുത്തുണ്ടി പി കെ ആയിഷ, മാഞ്ചോട് ഫിലോമിന, കരിക്കോട്ടക്കരി റോസമ്മ , 19ാം മൈൽ ജസീല, നടുവനാട് എം ലക്ഷ്മി, കുയിലൂർ ദേവി, കായപ്പനച്ചി കെ വി ബീന, മഠപ്പുരച്ചാൽ പി വി സെലീന, നരയംപാറ റംല, ചാവശേരി എൻ കെ മറിയം, ആറളം മലയാളംകാട് ഷീബ, പേരാവൂർ തെരു കമലാക്ഷിയമ്മ, ചാവശേരി താഴെക്കണ്ടി ഗീത, മട്ടന്നൂർ കോളാരി ചാലാടൻ രമണി, ചാവശേരി കെ കെ അമ്മിണി, കേളകം പാറത്തോട് അന്നക്കുട്ടി, ചാവശേരി യശോദ, ചാവശേരി കെ പി ഉഷാറാണി, ഇരിട്ടി കെ കെ കുമാരി, മുഴക്കുന്ന് ലൈല, കൂളിപ്പാറ കെ കെ നിർമല, പടിയൂർ-–- കല്യാട് ചടച്ചിക്കൂണ്ടം കെ കെ തങ്കമണി, മണിക്കടവ് ദാസൻ, പുല്ലാഞ്ഞിയോട് കമലാക്ഷി, മുഴക്കുന്ന് ഷൈനി രഘു, വള്ളിയാട് സവിത, മുഴക്കുന്ന് എൻ പി മിനി എന്നിവർക്കാണ് കാർഡുകൾ ലഭിച്ചത്.
സരോജിനിയമ്മ സർക്കാർ തണലിൽ
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതിന്റെ വേദനയുമായാണ് മട്ടന്നൂർ കയനി കുഴിക്കലിലെ സരോജിനിയമ്മ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മുന്നിലെത്തിയത്. രണ്ട് മക്കളും മരിച്ചു. സംരക്ഷിക്കാൻ ആരുമില്ല. സ്വകാര്യ അനാഥാലയത്തിലാണ് താമസം. ഡിസംബറിൽ അവിടത്തെ താമസം മാറണമെന്ന് അറിയിപ്പ് ലഭിച്ചതോടെ കണ്ണീരുമായാണ് സരോജിനിയമ്മ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിനൊപ്പം എത്തിയത്. സരോജിനിയമ്മയുടെ സ്ഥിതിയറിഞ്ഞ് അഴീക്കോട്ടെ ഗവ. വൃദ്ധസദനത്തിൽ അവരെ പ്രവേശിപ്പിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസറോട് മന്ത്രി നിർദേശിച്ചു.
തന്റെ സ്വത്ത് സഹോദരങ്ങൾക്കോ മറ്റ് അവകാശികൾക്കോ നൽകാൻ താൽപ്പര്യമില്ലെന്നും സർക്കാരിലേക്ക് നൽകണമെന്നാണ് ആഗ്രഹമെന്നും ജീവിതാവസാനംവരെ സർക്കാർ തണലിൽ കഴിയണമെന്നും സരോജിനിയമ്മ കണ്ണീർ തുടച്ച് അറിയിച്ചു. തന്റെ റേഷൻ കാർഡും മകളുടെ മരണ സർട്ടിഫിക്കറ്റും കൈവശം വച്ച സഹോദരങ്ങളിൽനിന്ന് അവ തിരികെ വാങ്ങി നൽകണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാനും അദാലത്തിൽ തീർപ്പാക്കി.
ഓവുചാൽ നീക്കണം
ഇരിട്ടി കീഴൂർ വില്ലേജിലെ പുന്നാട് സ്വദേശിനി ജലജയുടെ വീടിന് സമീപമുള്ള ഓവുചാൽ നീക്കി നിർമിക്കാനുള്ള നടപടിയെടുക്കാൻ പിഡബ്ല്യുഡി റോഡ്‌സ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറോട് മന്ത്രി ഒ ആർ കേളു ഉത്തരവിട്ടു. റോഡ് നവീകരണത്തിന്റെ ഭാഗമായി വനജ വിട്ടുനൽകിയ സ്ഥലത്ത് നിർമിച്ച ഓവുചാലിലെ വെള്ളം വീടിന്റെ മുൻവശത്തുകൂടി ഒഴുകുന്നതായും മഴക്കാലത്ത് യാത്ര പൂർണമായും അസാധ്യമാണെന്നുമായിരുന്നു പരാതി.
മുടങ്ങിയ പെൻഷൻ കിട്ടും
ആറളം ചെടിക്കളത്തെ എം എം സിറിയക്കിന് മുടങ്ങിയ 31 മാസത്തെ കർഷക പെൻഷൻ കുടിശ്ശിക അനുവദിച്ചു. ആധാർ കാർഡിലെ സാങ്കേതികത്വത്തിൽ കുടുങ്ങി മുടങ്ങിയ പെൻഷൻ ഒരാഴ്ചക്കകം പരിഹരിച്ച് നടപടിയാകണമെന്ന് മന്ത്രി ഒ ആർ കേളു നിർദേശിച്ചു.
ഇനി നികുതിയടയ്‌ക്കാം
27 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. പടിയൂരിലെ 22 കുടുംബങ്ങൾക്ക് ഇനി നികുതിയടയ്‌ക്കാം. മുഴക്കുന്ന് അംശം പാല ദേശത്തുനിന്ന് 1997ൽ കുടിയൊഴിപ്പിക്കപ്പെട്ട് അതേവർഷം പടിയൂർ വില്ലേജിൽ ഭൂമി അനുവദിച്ച 22 കുടുംബങ്ങൾക്ക് ഇത്രയും കാലം നികുതിയടയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ താലൂക്ക് അദാലത്തിൽ തഹസിൽദാർക്ക് മന്ത്രി ഒആർ കേളു നിർദേശിച്ചു. 22 കുടുംബങ്ങളുടെ പരാതിയുമായാണ് കെ എൻ ശങ്കരൻ അദാലത്തിൽ എത്തിയത്. നികുതി രശീത് നൽകാത്തതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിൽനിന്ന് വീടോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് ശങ്കരൻ പറഞ്ഞു. തുടർന്നാണ്, ഒരു മാസത്തിനുള്ളിൽ എല്ലാ വിഷയവും പരിഹരിച്ച് അതിർത്തി നിർണയം നടത്തി നികുതി സ്വീകരിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് മന്ത്രി നിർദേശം നൽകിയത്.
വെമ്പുഴയുടെ അരിക് കെട്ടും
ആറളം-, അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ വെമ്പുഴയുടെ അരിക് കെട്ടാനുള്ള പദ്ധതി തയ്യാറാക്കാൻ ആറളം പഞ്ചായത്തിന് നിർദേശം. പുഴയുടെ അരിക് കെട്ടി സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ പദ്ധതി തയ്യാറാക്കാനാണ് മന്ത്രി ഒ ആർ കേളു ആറളം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. എടൂർ പായം സ്വദേശി ടി പി ജോർജ് നൽകിയ അപേക്ഷയിലാണ് നടപടി. പുഴയോരത്ത് താമസിക്കുന്ന ജോർജിന്റെയും അയൽവാസികളുടെയും ഭൂമിയുടെ ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് വീഴുന്നതായും സംരക്ഷണം നൽകണമെന്നുമായിരുന്നു നിവേദനം.
പുഴയെടുക്കില്ല
ബിന്ദുവിന്റെ വീട്
സ്വന്തമായി വീട് മാത്രമേയുള്ളൂ. മഴക്കാലത്ത് കാഞ്ഞിരപ്പുഴയോട് ചേർന്നുള്ള വീടിന്റെ മുറ്റം ഇടിയും. മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ചുവരിന് വിള്ളൽവീഴ്‌ത്തി. അടുത്ത മഴക്ക് വീടിന്റെ ഒരു ഭാഗം ഒലിച്ചുപോയേക്കാം. പേരാവൂർ തൊണ്ടിയിൽ ബിന്ദു ഈ ആശങ്കയാണ് ഇരിട്ടി താലൂക്ക് അദാലത്തിൽ പങ്കുവച്ചത്. എന്നാൽ പ്രശ്‌നത്തിന് ശാശ്വതപരിഹാരവുമായാണ് ബിന്ദു മടങ്ങിയത്.
റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മതിൽകെട്ടി നൽകാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കലക്ടറോട് നിർദേശിച്ചു. ഇരിട്ടി തഹസിൽദാർ നടത്തിയ പരിശോധനയിൽ വീടിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട് പുഴയുടെ അരികുകെട്ടി സംരക്ഷിച്ചാലേ അപകടം ഒഴിവാക്കാൻ സാധിക്കൂ എന്നറിയിച്ചു. പരാതിക്കാരിയുടെ ഉൾപ്പെടെ അഞ്ച് വീടുകൾ ഈ പ്രദേശത്ത് അപകട ഭീഷണി നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
ഭൂമിതേടി ശ്രീജയും മല്ലികയും
വർഷങ്ങളായി താമസിക്കുന്ന സ്ഥലത്ത് നാല്‌സെന്റ് വീതം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്യത്ത് ശ്രീജയും കളത്തിൽ മല്ലികയും അദാലത്തിൽ എത്തിയത്. നഗരസഭയുടെ കൈവശമുള്ള പഴയപാലത്തെ സ്ഥലത്താണ് ഇവരുടെ വീടുകൾ. വീട്ടുനമ്പറും വൈദ്യുതി കണക്ഷനും റേഷൻ കാർഡുകളുമുണ്ടെങ്കിലുംകൈവശ രേഖയില്ലാത്ത സ്ഥലത്തെ തകർന്നുവീഴാറായ വീടുകൾ നന്നാക്കാനാകുന്നില്ല. കൈവശ ഭൂമിയിൽ നാല് സെന്റെങ്കിലും കിട്ടുന്നതിന് നാൽപ്പത് വർഷത്തിലധിമായി സർക്കാരുകളിൽ അപേക്ഷ നൽകി കാത്തിരിപ്പാണ്. ഇവർക്ക് ഭൂമിയും ധനസഹായവും സമയബന്ധിതമായി നൽകണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു.
മലയോര ഹൈവേ: ഭൂമി നൽകണം
മലയോര ഹൈവേയിൽ വള്ളിത്തോട്–- -അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ. എൽപി സ്‌കൂളിന്റെ സ്ഥലം റോഡ് വികസനത്തിന് വിട്ടുനൽകാൻ മന്ത്രി ഒ ആർ കേളു നിർദേശിച്ചു. മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് ഭൂമി വിട്ടുനൽകാൻ സ്‌കൂൾ അധികൃതർ തടസ്സം നിൽക്കുകയാണെന്ന അങ്ങാടിക്കടവ് സ്വദേശി സി ടി കുര്യന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദേശം.
വന്യജീവിശല്യം: സ്ഥലംഏറ്റെടുക്കണം
വനത്തിനോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ സ്വദേശി ജോയ് കരിന്തോളിന്റെ ഭൂമി ഏറ്റെടുക്കുന്നത് പരിശോധിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിഎഫ്ഒയെ ചുമതലപ്പെടുത്തി. വനം വകുപ്പിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണത്തിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കാൻ കഴിയുമോയെന്നു പരിശോധിക്കാനാണ് നിർദേശം. വന്യജീവിശല്യംമൂലം പൊറുതുമുട്ടിയാണ് ഭിന്നശേഷിക്കാരനായ ജോയ് അദാലത്തിന് എത്തിയത്. കൃഷി നടത്താൻ കഴിയാത്ത അവസ്ഥ. പ്രായാധിക്യംകാരണം മറ്റ് പണികൾക്കൊന്നും പോകാനും പറ്റുന്നില്ല. അതിനാൽ, സ്ഥലം പണം നൽകി എറ്റെടുക്കണമെന്നായിരുന്നു ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..