22 December Sunday
ജോബ്‌ സ്‌റ്റേഷനിൽ ആദ്യ ആഴ്‌ച 87 പേർ

വരൂ, തൊഴിൽ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
തളിപ്പറമ്പ്‌
തളിപ്പറമ്പിൽ തുറന്ന ജോബ്‌ സ്‌റ്റേഷനിലേക്ക്‌ ഒരാഴ്‌ചക്കിടെ എത്തിയത്‌ 87 ഫോൺവിളികൾ. സംരംഭകരാകാൻ സന്നദ്ധതയറിയിച്ച്‌ എട്ടുപേരുമെത്തി. തളിപ്പറമ്പ്‌ സാമ്പത്തിക വികസന കൗൺസിലിന്റെ (ടി ഇഡിസി) വിജ്ഞാന തൊഴിൽ- സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഫോൺ ഇൻ ഹെൽപ്‌ഡെസ്‌കും വെബ്‌സൈറ്റും പന്ത്രണ്ടിനാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌.
തൊഴിലന്വേഷകർക്ക് വിവരങ്ങൾനൽകി, യോഗ്യതയും നൈപുണ്യവും ഉറപ്പാക്കി അനുയോജ്യ തൊഴിൽ ലഭ്യമാക്കാൻ എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ്‌ വിജ്ഞാന തൊഴിൽ- സംരംഭകത്വ വികസന പദ്ധതി. ഇതിന്റെ ഡിജിറ്റൽ സംവിധാനമായ ഡിഡബ്ല്യുഎംഎസി (ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം) മുഖേന മണ്ഡലത്തിൽ 12,822 പേർ രജിസ്റ്റർചെയ്‌തു. ഇവരിൽ 3,350 പേർ ശാസ്ത്രീയ തൊഴിൽ അഭിരുചി പരീക്ഷയെഴുതി കരിയർ കൗൺസലിങ് പൂർത്തിയാക്കിയവരാണ്‌. ആറുമാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ താൽപര്യമുള്ള 2,659 പേരുണ്ട്‌.  ഉടൻ ജോലിയാവശ്യപ്പെട്ട 1,295 പേരിൽ  64 ശതമാനവും ജില്ലയിൽ ജോലിയാഗ്രഹിക്കുന്നു. 
തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഇതിനകം രണ്ടുതൊഴിൽമേളയും ആറ് പ്ലേസ്‌മെന്റ്‌ ഡ്രൈവും നടന്നു. മൂന്നൂറിലധികംപേർ വിവിധ സ്ഥാപനങ്ങളിൽ പ്രവേശിച്ചു. ഓൺലൈൻ ഡ്രൈവുകളിലൂടെ പ്രവേശിച്ചവരുമുണ്ട്‌. നോളജ് എക്കണോമി മിഷൻ സർവേ പ്രകാരം മണ്ഡലത്തിൽ  21-നും 40നും മധ്യേ പ്രായമുള്ളവർ ഡിപ്ലോമ (253), ബിരുദം (1629), ബിരുദാനന്തര ബിരുദം (747), പ്ലസ് ടു (1957) ഐടിഐ (107)  യോഗ്യതയുള്ളവരാണ്‌. ഇവർക്കുകൂടി തൊഴിലവസരങ്ങൾ ഒരുക്കലാണ്‌ ലക്ഷ്യം. 
മണ്ഡലത്തിലെ അഭ്യസ്‌തവിദ്യരായ ഉദ്യോഗാർഥികൾക്കെല്ലാം ഇഷ്ടതൊഴിൽനേടാൻ സഹായിക്കുന്ന വിജ്ഞാനസേവന സൗഹൃദകേന്ദ്രമായാണ്‌ നോളജ് ഇക്കണോമി മിഷന്റെ ഒമ്പതാമത്‌ ജോബ്‌ സ്‌റ്റേഷൻ സർസയ്യിദ്‌ കോളേജിൽ തുറന്നത്‌. 
ഉദ്യോഗാർഥിക്ക്‌ ജോബ്‌ സ്‌റ്റേഷനിൽ ബയോഡാറ്റ സമർപ്പിക്കാം.  ബയോഡാറ്റ തയ്യാറാക്കാനും കരിയർ കൗൺസലർമാർ സഹായിക്കും. അഭിമുഖ പരിശീലനവും ലഭിക്കും. തൊഴിൽ ദാതാക്കൾക്കും സേവനം ലഭ്യമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top