22 December Sunday

കുരുക്കഴിയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കണ്ണൂർ

നീണ്ട കാത്തിരിപ്പിനൊടുവിൽ മേലെചൊവ്വയിലെ മേൽപ്പാലത്തിന്‌ ടെൻഡറായി. ഒക്‌ടോബർ ആദ്യവാരം നിർമാണം ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്കാണ്‌  ടെൻഡർ ലഭിച്ചത്‌. 24.54 കോടി രൂപ ചെലവിലാണ്‌ പാലം നിർമിക്കുക. ടെൻഡറിന്‌ ശേഷമുള്ള സാങ്കേതിക നടപടികൾ അതിവേഗം പൂർത്തിയാക്കി ഉടൻ നിർമാണം തുടങ്ങാനാണ്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌  ഡവലപ്‌മെന്റ്‌ കോർപറേഷൻ ഓഫ്‌ കേരള (ആർബിഡിസികെ) യുടെ ശ്രമം.  

അടിപ്പാത ഒഴിവാക്കി മേൽപ്പാലം

മേലെചൊവ്വയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനായി അടിപ്പാത   നിർമിക്കാനാണ്‌ ആദ്യം നിശ്‌ചയിച്ചത്‌. എന്നാൽ വാട്ടർ അതോറിറ്റി പൈപ്പ്‌ലൈനുകൾ മാറ്റുന്നതിലെ പ്രശ്‌നങ്ങളെ തുടർന്ന്‌ ഒഴിവാക്കുകയായിരുന്നു. 2016 ജൂൺ 27-നാണ്‌ മേലെചൊവ്വ ജങ്‌ഷനിൽ അണ്ടർപാസ് നിർമിക്കുന്നതിന് ആർബിഡിസികെയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി   സർക്കാർ നിശ്‌ചയിച്ചത്‌.  2018 ജനുവരി 20-ന് കിഫ്ബി 27.59 കോടി രൂപ അനുവദിച്ച് രണ്ട്‌ -വരി അടിപ്പാതയ്ക്ക് ഫണ്ട് അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും 2021 ഡിസംബർ 20-ന് പൂർത്തീകരിക്കുകയും ചെയ്തു. എന്നിരുന്നാലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നത്‌ പ്രശ്‌നമായി. ഇതോടെ അടിപ്പാത എന്ന ആശയം ഉപേക്ഷിച്ച്‌ മേലെചൊവ്വയിൽ മേൽപ്പാലം നിർമിക്കാൻ തീരുമാനിച്ചു. 2023 ഫെബ്രുവരി 16-ന് പുതിയ മേൽപ്പാലത്തിന്‌ ഭരണാനുമതിയും ലഭിച്ചു.

      അപ്രോച്ച് ഭാഗങ്ങൾ ഉൾപ്പെടെ 424.60 മീറ്റർ നീളവും സർവിസ് റോഡുൾപ്പെടെ മൊത്തം 24 മീറ്റർ വീതിയുമുള്ള ഒരു പുതിയ ഫ്ലൈ ഓവർ പ്ലാൻ തയ്യാറാക്കി. അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചു. 2023 ഒക്ടോബർ 11-ന് കിഫ്ബി പുതിയ ഫ്ലൈ ഓവർന് 44.71 കോടി രൂപയ്‌ക്ക്‌  സാമ്പത്തിക അനുമതി നൽകി. 2024 ജനുവരി 29-ന് 31.98 കോടി രൂപയ്‌ക്ക് സാങ്കേതിക അനുമതിക്ക്‌ ശുപാർശ ചെയ്തു.  ഫെബ്രുവരി 23-ന് ആർബിഡിസികെ ടെൻഡർ ക്ഷണിച്ചു, എന്നാൽ ഒരു ബിഡർ മാത്രമാണ് പങ്കെടുത്തത്.   ജൂൺ 12-ന് വീണ്ടും ടെൻഡർ ചെയ്തു. മൂന്ന് ലേലക്കാർ പങ്കെടുത്തു. സെപ്തംബർ 12-ന്  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ ടെൻഡറായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top