18 October Friday

അമൽ കാണാമറയത്ത്‌; 
ദുഃഖഭാരത്തോടെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

അമലിന്റെ അച്ഛൻ കോട്ടയിൽ സുരേഷ്, അമ്മ ഉഷ, സഹോദരി അൽഷ എന്നിവർ

ആലക്കോട് 
ഫോൺ ഓരോ തവണ റിങ്‌ ചെയ്യുമ്പോഴും കോട്ടയിൽ സുരേഷിന്റെയും ഉഷയുടെയും കണ്ണുകളിൽ പ്രതീക്ഷനിറയും. മകൻ അമലിന്റെ വിളിയായിരിക്കുമെന്ന്‌ പ്രതീക്ഷിക്കും. 47 ദിനരാത്രങ്ങൾ പിന്നിടുമ്പോഴും കരുവഞ്ചാൽ കാവുംകുടിയിലെ കോട്ടയിൽ അമലി (26)ന്റെ  അച്ഛനുമമ്മയും കാത്തിരിക്കുന്നത്‌ മകന്റെ ശബ്ദമൊന്നുകേൾക്കാനാണ്‌. സുരക്ഷിതനാണെന്ന വാർത്തയറിയാനാണ്‌. 
   അമൽ ജോലിചെയ്യുന്ന ഇറാൻ ചരക്കുകപ്പൽ "അറ ബക്തർ–- ഒന്ന്’ സെപ്തംബർ ഒന്നിന് കുവൈത്ത് സമുദ്രാതിർത്തിയിൽ അപകടത്തിൽപ്പെട്ടതായി നാലു ദിവസത്തിനുശേഷമാണ്‌ കുടുംബത്തിന്‌ വിവരം ലഭിച്ചത്‌. ജീവനക്കാർ മരിച്ചതായും ലഭിച്ച നാല് മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവർ  ആവശ്യപ്പെട്ടതനുസരിച്ച്‌ സുരേഷ്‌ രക്തസാമ്പിൾ നൽകി. ലഭിച്ച മൃതദേഹങ്ങളിൽ അമലിന്റേതില്ലെന്ന്‌ 28ന് എംബസി മറുപടി നൽകി. അമലിനൊപ്പമുണ്ടായിരുന്ന തൃശൂർ ഒളരിക്കരയിലെ അനീഷ് ഹരിദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കുകയുംചെയ്‌തു. അമലിനെക്കുറിച്ച്‌ പിന്നീടൊരു വിവരവും ലഭിച്ചില്ല. 
   ‘‘മുട്ടാത്ത വാതിലില്ല, കാണാത്തവരില്ല, ഈ ഗതി ഒരാൾക്കും വരരുത്’–-’ കണ്ണീരിൽ സുരേഷിന്റെ വാക്കുകൾ മുറിഞ്ഞു. പരാതി തുടർനടപടിക്കായി വിദേശകാര്യവകുപ്പിന് കൈമാറിയെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ മറുപടി ലഭിച്ചതായി -അമലിന്റെ സഹോദരി അൽഷ പറഞ്ഞു. 
   ജനുവരിയിലാണ് അമൽ വൻ തുക നൽകി മുംബൈയിലെ ഗ്ലോബൽ മറൈൻ ഏജൻസി വഴി,  ഒമ്പത് മാസത്തെ കരാറിൽ ജോലിയിൽ പ്രവേശിച്ചത്‌.  
ഇതുവരെ  ശമ്പളമൊന്നും ലഭിച്ചിട്ടില്ല. കപ്പൽ തീരത്തടുത്ത ആഗസ്ത് 28ന്‌ വിളിച്ച്‌, ഓണത്തിനെത്തുമെന്നറിയിച്ചു. അന്നാണ്‌ അവസാനമായി സംസാരിച്ചത്‌. ഏജൻസിയെ സമീപിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.  
ടാപ്പിങ്‌ തൊഴിലാളിയായ സുരേഷിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയും ആശ്രയവുമാണ് അമൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top