19 December Thursday
പയ്യന്നൂരിൽ കലകലാരവം

ആസ്വദിക്കൂ ആവോളം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024
പയ്യന്നൂർ
പയ്യന്നൂരിലെ തിരക്ക്‌  ഒരിക്കലുമൊഴിയില്ല. അതിനിടയിൽ ജില്ലാ സ്‌കൂൾ  കലോത്സവുമെത്തിയാലോ. ഒരുമയുടെ പെരുമയിൽ പേരുകേട്ട നാട്ടിലെ   പ്രശസ്‌തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിനൊപ്പം സ്‌കൂൾ കലോത്സവവുമെത്തുമ്പോൾ ജനം ആഹ്ലാദത്തിമിർപ്പിൽ. 

രുചിക്കൂട്ടൊരുക്കാൻ 
ദാമോദരപ്പൊതുവാൾ 

പയ്യന്നൂർപാട്ടും പയ്യന്നൂർ പട്ടും ഖാദിയും  കോൽക്കളിയും പൂരക്കളിയും തെയ്യങ്ങളുമെല്ലാം പയ്യന്നൂരിന്റെ പ്രത്യേകതകൾ. ഒപ്പംതന്നെ എടുത്തുപറയേണ്ടത്‌ പയ്യന്നൂരിന്റെ രുചിപ്പെരുമ. സംസ്‌കൃത ജ്യോതിഷ രംഗത്തെ കുലപതി കരിപ്പത്ത് കുമാരൻ എഴുത്തച്ഛൻ ഒന്നാംതരം പാചക വിദഗ്ധൻ. നിരവധി കലോത്സവങ്ങളിൽ തന്റെ രുചിപ്പെരുമ അറിയിച്ച പാചകരത്ന പുരസ്‌കാര ജേതാവ് കരിപ്പത്ത് കമ്മാര പൊതുവാൾ ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യൻ  കെ യു ദാമോദര പൊതുവാളാണ് കലോത്സവത്തിന് പതിനായിരങ്ങൾക്ക് അന്നമൂട്ടുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.  കേരളത്തിലെ വിവിധ ജില്ലകളിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമടക്കം  സമ്മേളനങ്ങളിലും വിവാഹങ്ങളിലും  മറ്റും പൊതുവാളുടെ പൊതുവാൾ ബ്രാൻഡ്‌ സദ്യ.  പയ്യന്നൂർ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പന്തലിലാണ്  ദാമോദരപ്പൊതുവാളുടെ നേതൃത്വത്തിൽ  ഭക്ഷണം ഒരുക്കുന്നത്.  ഒരേസമയം 750 പേർക്ക്  ഭക്ഷണം കഴിക്കാം. മാലിന്യനിയന്ത്രണത്തിന്റെ ഭാഗമായി മത്സരാർഥികൾക്ക് പാർസൽ ഭക്ഷണത്തിനായി ടിഫിൻ ബോക്സ് കൊണ്ടുവരാനുള്ള നിർദേശം നൽകിയിട്ടുണ്ട്.ആരോഗ്യ സുരക്ഷക്കായി ബിഇഎംഎൽപി സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനമുണ്ട്‌. ആംബുലൻസ് സൗകര്യവുമുണ്ടാകും.  കുടിവെള്ളം സ്റ്റേജിനോട് ചേർന്ന് തന്നെ തയ്യാറാക്കും. 

17 വേദികൾ
319 ഇനങ്ങൾ 

17 വേദികളിലായി 15 ഉപജില്ലകളിലെ 10,695 കുട്ടികൾ 319 ഇനങ്ങളിലായി മത്സരിക്കും. രചനാമത്സരങ്ങൾ ഒന്നാംദിവസം സമാപിക്കും. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി   വിഭാഗങ്ങളിൽ 249  ഇനങ്ങളിലാണ് മത്സരം.  സംസ്കൃതോത്സവത്തിൽ 38 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top