23 December Monday

വരകളിലെ ‘ശ്രീ’

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ശ്രീഹരി വരച്ച ആനകളുടെ ചിത്രം. ഇൻസെറ്റിൽ ശ്രീഹരി

 

കാടാച്ചിറ
പുഴയിൽ മദിച്ചുനടക്കുന്ന ആനകൾ, പച്ച ചുട്ടിയണിഞ്ഞ കഥകളി, തെയ്യം... ഇങ്ങനെ നാട്ടുതനിമയുടെ നേർചിത്രങ്ങളാണ്‌ ശ്രീഹരിയുടെ ക്യാൻവാസുകൾ നിറയെ. അക്രിലിക്കിലും ജലച്ചായത്തിലും വർണക്കാഴ്‌ചയൊരുക്കുന്ന ഈ ഏഴാംക്ലാസുകാരനെ  നിരവധി അംഗീകാരങ്ങളും തേടിയെത്തി. 
മൂന്നാംവയസിൽ കരിക്കട്ടകൊണ്ട്‌ വീട്ടുചുവരിൽ വരച്ചുതുടങ്ങിയ ശ്രീഹരിയുടെ കഴിവ്‌ തിരിച്ചറിഞ്ഞത്‌ കുറ്റിക്കകം സൗത്ത് എൽപി സ്കൂളിലെ റിട്ട. അധ്യാപകൻകൂടിയായ അപ്പൂപ്പൻ സുന്ദരമാണ്‌. തലശേരിയിലെ സി വി ബാലൻ സ്‌മാരക സ്‌കൂൾ ഓഫ്‌ ഫൈൻ ആർട്‌സ്‌, കണ്ണൂരിലെ ഗീതാഞ്ജലി കലാക്ഷേത്രം എന്നിവിടങ്ങളിൽ പരിശീലനമാരംഭിച്ചു. ചുറ്റുമുള്ള കാഴ്‌ചകളൊക്കെ അതിന്റെ സൂക്ഷ്മാർഥത്തിലാണ്‌ ഈ മിടുക്കൻ ആവിഷ്‌കരിക്കുന്നത്‌. ജലച്ചായമാണ്‌ ഇഷ്ടമാധ്യമം. കേന്ദ്ര ഊർജമന്ത്രാലയം ‘ഊർജസംരക്ഷണം’ വിഷയത്തിൽ നടത്തിയ മത്സരത്തിൽ  ദേശീയ അംഗീകാരം, കേരള വനംവകുപ്പിന്റെ  പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാംസ്ഥാനം, ജലച്ചായത്തിൽ രണ്ടാംസ്ഥാനം,   ഗുരുവായൂർ അമ്പലത്തിൽ നടന്ന ‘ആനവര’യിൽ മൂന്നാംസ്ഥാനം, ജില്ലാ ലൈബ്രറി കൗൺസിലിന്റെ  കഥാചിത്രീകരണത്തിൽ ഒന്നാംസ്ഥാനം, ശുചിത്വമിഷന്റെ ചിത്രരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം, സ്‌കൂൾ കലോത്സവം, മറ്റ്‌മേളകൾ തുടങ്ങിയവയിലെല്ലാം നിരവധി അംഗീകാരങ്ങൾ നേടി. 
കതിരൂർ ആർട്ട് ഗ്യാലറിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രപ്രദർശനത്തിൽ ശ്രീഹരിയുടെ ചിത്രങ്ങളുണ്ട്‌. ഇ എം എസ് സ്മാരക മന്ദിരത്തിന്റെ നേതൃത്വത്തിൽ കുറ്റിക്കകം സൗത്ത് എൽപി സ്കൂൾ, നടാൽ വിജ്ഞാനദായിനി വായനശാല, കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  
നടാൽ വിജ്ഞാനദായിനി വായനശാലക്ക് സമീപം സജു ഭവനിൽ പരേതനായ റനീഷ്ബാബുവിന്റേയും സജ്നയുടേയും മകനാണ്. സഹോദരി: പി ആർ ശ്രതിക (നാലാം ക്ലാസ്‌).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top