19 December Thursday

ഒരുമയുടെ സ്റ്റിക്കുമായി യുണെെറ്റഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

യുടിഎസ്‌സി ഹോക്കി പരിശീലന ക്യാമ്പിൽനിന്ന്

തലശേരി
ഹോക്കിയിലെ  പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്‌  യുണൈറ്റഡ്‌ തലശേരി  സ്‌പോട്‌സ്‌ ക്ലബ്‌.  ഫുട്‌ബോളിനും  ക്രിക്കറ്റിനുമൊപ്പം  ജില്ലയിൽ ഹോക്കിക്കും  തലയെടുപ്പുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആദ്യകാല ഫുട്‌ബോൾ താരങ്ങൾ ഹോക്കിയിലും മികവ്‌ തെളിയിച്ചവരായിരുന്നു. പിന്നീട്‌  ഹോക്കിയുടെ ഗ്രാഫ്‌ കുത്തോട്ടായി.  ഹോക്കിയിൽ  തിരിച്ചുവരാനുള്ള   ശ്രമത്തിന്റെ ഭാഗമായി   യുണൈറ്റഡ്‌  സ്‌പോർട്‌സ്‌ ക്ലബ്‌ കളത്തിലിറങ്ങിയിട്ട്‌ 15 വർഷം പിന്നിടുന്നു. പ്രവാസികളായ ആദ്യകാല ഹോക്കിതാരങ്ങളുടെ പിന്തുണയോടെയുള്ള നിരന്തര പരിശ്രമം വിജയത്തിലേക്ക് നീങ്ങുന്നു. സീനിയർ, ജൂനിയർ, സബ്‌ജൂനിയർ വിഭാഗങ്ങളിലായി അമ്പതിലേറെ താരങ്ങൾ കളിച്ചുവളരുകയാണ് പൈതൃക ഭൂമിയിൽ. സംസ്ഥാന ടീമിലും  രാജ്യത്തിന്റെ വിവിധ ടൂർണമെന്റുകളിലും തലശേരിയുടെ സാന്നിധ്യമുണ്ട്‌.
എം എ ശിവറാം, എ പി സുനിൽ, എ പി രഞ്ജിത്‌, അഡ്വ.  ദിലേഷ്‌, എം പി നിസാമുദ്ദീൻ, ഒവി മുഹമ്മദ്‌ റഫീഖ്‌ തുടങ്ങി സംസ്ഥാന ടീമിൽ മിന്നും പ്രകടനം കാഴ്‌ചവച്ച താരപ്രതിഭകൾ അനവധി. യുഎഇയിലും ആദ്യകാല കളിക്കാരുടെ വലിയ നിരയുണ്ട്‌. ആദ്യകാല ഹോക്കി–-ബാസ്‌ക്കറ്റ്‌ ബോൾ കളിക്കാർ ചേർന്ന്‌ 2009ൽ യുടിഎസ്‌സിക്ക്‌ രൂപം നൽകി.
 ഒ വി ജാവിസ്‌ അഹമ്മദ്‌, എൻ വി ഷാനവാസ്‌, ആശിർ പൊന്മാണിച്ചി എന്നിവരാണ്‌ യുടിഎസ്‌സിയുടെ രക്ഷാധികാരികളും കരുത്തും. ഹോക്കിയുടെ വളർച്ചക്ക്‌ സാമ്പത്തിക സഹായം നൽകുക മാത്രമല്ല, മികച്ച കളിക്കാർക്ക്‌ തൊഴിലും ഇവരുടെ സ്ഥാപനം ഉറപ്പുവരുത്തുന്നു. യുടിഎസ്‌സി ഹോക്കി അക്കാദമിയിലൂടെ സൗജന്യമായാണ്‌ പരിശീലനം. വിആർ കൃഷ്‌ണയ്യർ സ്‌റ്റേഡിയത്തിലും അറീന ടർഫിലുമായി ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമാണ്‌ പരിശീലനം. കേരളഹോക്കി സീനിയർ താരമായിരുന്ന യദുകൃഷ്‌ണനാണ്‌ പരിശീലകൻ.
സ്‌പോർട്‌സ്‌ കാർണിവൽ
കഴിഞ്ഞ ജനുവരിയിൽ യുടിഎസ്‌സി സ്‌പോർട്‌സ്‌ കാർണിവലിന്‌ വേദിയൊരുക്കിയിരുന്നു. ഹോക്കി, ക്രിക്കറ്റ്‌, ബാസ്‌ക്കറ്റ്‌ബോൾ, കമ്പവലി, ഫുട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾക്കാണ്‌ വേദിയൊരുക്കിയത്‌. ഭക്ഷ്യമേളയുമുണ്ടായി. ഈ വർഷവും സ്‌പോർട്‌സ്‌ കാർണിവൽ ഉണ്ടാവുമെന്ന്‌ യുടിഎസ്‌സി സെക്രട്ടറി പി വി സിറാജുദ്ദീനും പ്രസിഡന്റ്‌ കെ ജെ ജോൺസണും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top