22 December Sunday

കണ്ണൂർ നഗരപരിധിയിൽ 15,000 സിറ്റി ഗ്യാസ്‌ കണക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

സിറ്റി ഗ്യാസ്‌ പദ്ധതിയിൽ തോട്ടടയിൽ പൈപ്പിടുന്നു

കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിൽ 2025 മെയിൽ 15,000 സിറ്റി ഗ്യാസ്‌  കണക്‌ഷൻ ലഭ്യമാക്കും. ഈ വർഷം ഡിസംബറോടെ 5000 കണക്‌ഷനുകൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. നിലവിൽ എട്ട്‌ ഡിവിഷനിലാണ്‌ കണക്‌ഷനുകൾ നൽകുന്നത്‌. വാണിജ്യാവശ്യങ്ങൾക്കുള്ള കണക്‌ഷനും രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 11,000 കുടുംബങ്ങളാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തത്‌. 
ചേലോറ, എളയാവൂർ സോണലുകളിലാണ്‌ നിലവിൽ കണക്‌ഷൻ നൽകുന്നത്‌. 13 മുതൽ 20 വരെയുള്ള ഡിവിഷനുകളിലാണിത്‌. ഇവിടെ  പ്രതിദിനം നാൽപത്‌ കണക്‌ഷനുകൾ നൽകുന്നുണ്ട്‌. 1500 ഓളം ഗാർഹിക ഉപഭോക്താക്കൾ കണക്‌ഷന്‌  പണമടച്ചു. നഗരത്തിലേക്കുള്ള മെയിൻ ലൈനിൽ ഗ്യാസ്‌ എത്തിയതിനാൽ വേഗത്തിലാണ്‌ കണക്‌ഷനുകൾ നൽകുന്നത്‌. 
 കോർപ്പറേഷനിലെ ഒമ്പത്‌ ഡിവിഷനുകളിൽ കൂടി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്‌. 19, 21, 23, 24, 26, 27, 28, 30, 31 എന്നീ ഡിവിഷനുകളിലാണ്‌ രജിസ്‌ട്രേഷൻ തുടങ്ങിയത്‌. കോർപ്പറേഷനിൽനിന്ന്‌ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ഈ ഡിവിഷനുകളിൽ പൈപ്പ്‌ ലൈൻ  പ്രവൃത്തി ആരംഭിക്കും. ഡിസംബർ ആദ്യവാരം മുതൽ തന്നെ ഈ ഡിവിഷനുകളിലെയും പണമടക്കുന്നവർക്ക്‌ കണക്‌ഷൻ ലഭ്യമാക്കാനാണ്‌ സിറ്റി ഗ്യാസ്‌ അധികൃതർ ലക്ഷ്യമിടുന്നത്‌. 
ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേർന്നാണ്‌  സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുന്നത്‌. സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പ്‌ ഉപയോഗിച്ചാണ്‌ വീടുകളിൽ പാചകവാതകമെത്തിക്കുന്നത്‌. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ്‌  പദ്ധതിയുടെ സവിശേഷത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top