കണ്ണൂർ
മലബാർ ക്യാൻസർ സെന്റർ സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ ക്യാമ്പസാകും. ഹരിതകേരള –- ശുചിത്വ മിഷനുകൾ, ക്ലീൻ കമ്പനി എന്നിവ ചേർന്ന് ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു. കരാർ ഉടമ്പടി മലബാർ ക്യാൻസർ സെന്റർ എൻജിനിയറിങ് മെയിന്റനൻസ് വകുപ്പ് ജീവനക്കാരി പി സി റീന, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പിന് കൈമാറി.
ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിനായി എംസിസിയിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ കണക്കെടുത്തു. ജൈവമാലിന്യംമുതൽ ബയോമെഡിക്കൽ മാലിന്യംവരെ സംസ്‌കരിക്കുന്നത് സംബന്ധിച്ച് സർവേ നടത്തി വ്യത്യസ്‌ത പരിഹാരരീതികൾ നിർദേശിച്ചു. ഉണങ്ങിവീഴുന്ന പനമ്പട്ട, മുട്ടത്തോട്, ചായപ്പൊടി, ഉപയോഗിച്ച എണ്ണ എന്നിവയുടെ സംസ്‌കരണരീതിയും പരിശോധിച്ചു. കാർബൺ ബഹിർഗമനം കുറക്കുന്നതിന് ക്യാമ്പസിനുള്ളിൽ ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കുന്നതിനൊപ്പം പൂന്തോട്ടവും ഇരിപ്പിടങ്ങളും തയ്യാറാക്കും. അജൈവമാലിന്യങ്ങളിൽനിന്ന് ഗ്യാസ് ഉണ്ടാക്കാനുള്ള സംവിധാനങ്ങൾ ഉത്തേജിപ്പിക്കാൻ ശുചിത്വമിഷന്റെ പദ്ധതിയുമുണ്ടാകും. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ടും തയ്യാറാക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ല കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.
ജില്ലയിൽ ക്ലീൻ കേരള കമ്പനി നിലവിൽ 69 തദ്ദേശസ്ഥാപനങ്ങളിലും, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, സെൻട്രൽ ജയിൽ, ഫോറസ്റ്റ് ഓഫീസ്, വനിതാ വികസന കോർപറേഷൻ, വനിതാ ജയിൽ എന്നിവിടങ്ങളിലും മാലിന്യസംസ്കരണം നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..