കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി ഏർപ്പെടുത്തിയ ഓട്ടോറിക്ഷ സർവീസ് പരിഷ്‌കാരം യാത്രക്കാർക്ക് പ്രയാസമാകുന്നു. ദീർഘദൂരം യാത്ര കഴിഞ്ഞ് എത്തുന്നവർ ഓട്ടോയ്‌ക്ക് പരക്കംപായേണ്ട അവസ്ഥയാണ്. റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റാൻഡ്‌ഫീ നൽകി പാർക്ക് ചെയ്യുന്ന ഓട്ടോകൾ പരിമിതമാണ്.
ട്രെയിനുകൾ സ്‌റ്റേഷനിലെത്തുന്ന സമയത്ത് ആവശ്യത്തിന് ഓട്ടോറിക്ഷ ലഭിക്കില്ല. പ്രീപെയ്‌ഡ് ഓട്ടോ സംവിധാനവുമില്ല.
110 ഓട്ടോകൾക്കാണ് പാർക്കിങ് അനുമതിയുള്ളത്. റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോയ്‌ക്ക് ഒരു വർഷം 4000 രൂപ സ്‌റ്റാൻഡ് ഫീ നൽകണം. ഒരു വർഷം ഓട്ടോറിക്ഷകൾക്ക് റോഡ് ടാക്‌സായി നൽകേണ്ടത് 500 രൂപമാത്രമാണ്. ചർച്ചയൊന്നുമില്ലാതെ ഏർപ്പെടുത്തിയ ഫീസ് സമ്പ്രദായം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ്. തൊഴിലാളി വിരുദ്ധരായ ചിലരാണ് ഇതിന് കൂട്ടുനിന്നത്. റെയിൽവേ അധികൃതർ നടത്തിയ കൊള്ളയ്‌ക്ക് ചില ഡ്രൈവർമാരും ഒത്താശചെയ്‌തിരുന്നു.
റെയിൽവേ സ്റ്റേഷനകത്ത് യാത്രക്കാരെ കയറ്റുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ ഓട്ടോറിക്ഷകൾക്ക് സ്റ്റേഷൻ റോഡിൽ പാർക്കിങ് അനുവദിക്കാൻ ജില്ലാ ഭരണസംവിധാനം തയ്യാറാകണമെന്ന് ഓട്ടോ ലേബർ യൂണിയൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. എന്നാലേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ദുരിതം പരിഹരിക്കാനും ഓട്ടോറികവോ തൊഴിലാളികളുടെ ജോലി നിലനിർത്താനും സാധിക്കൂവെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എ സുരേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എ വി പ്രകാശൻ, കെ പ്രവീൺ, എ ജോതീന്ദ്രൻ, എം രാജീവൻ, എൻ അജിത്ത്, വി കെ മനേഷ്, പി മനോഹരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..