ഇരിട്ടി
പൂരോത്സവത്തിനുമുമ്പ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 4.25 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾകൂടി നടപ്പാക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി. മലബാർ ദേവസ്വം ബോർഡിനുകീഴിലെ 1500 ജീവനക്കാർക്ക് ഓണത്തിനുമുമ്പ് ഉത്സവബത്ത അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചുറ്റുമതിൽ, ഊട്ടുപുര നവീകരണം, പ്രദക്ഷിണവഴിയിൽ കല്ലുപാകൽ തുടങ്ങിയ പ്രവൃത്തികളാണ് ജനകീയകൂട്ടായ്മയിൽ പൂർത്തിയാക്കുന്നത്. കൊടിമര പ്രതിഷ്ഠ, നടപ്പന്തൽ നിർമാണം, ട്രീറ്റ്‌മെന്റ് പ്ലാന്റ്, സോളാർ വൈദ്യുതീകരണം എന്നിവയും നടപ്പാക്കും. കിഫ്‌ബി, ടൂറിസം വകുപ്പ് എന്നിവയനുവദിച്ച 3.50 കോടി രൂപ വീതം ഉപയോഗിച്ച് കെട്ടിടനിർമാണവും പഴശ്ശി മ്യൂസിയം നിർമാണവും പുരോഗമിക്കുന്നുണ്ട്. 10 കോടിയുടെ നിർമാണ പ്രവൃത്തികൾ ഇതിനകം ക്ഷേത്രത്തിൽ പൂർത്തിയായി. ക്ഷേത്രവരുമാനത്തിൽനിന്ന് നിർധനരോഗികൾക്ക് സഹായമേകാൻ പ്രതിവർഷം 10 ലക്ഷം രൂപ മാറ്റിവയ്‌ക്കാനാകുന്നുണ്ട്.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എ കെ മനോഹരൻ, മലബാർ ദേവസ്വം ബോർഡ് കമീഷണർ ടി സി ബിജു, ദേവസ്വം ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി ചെയർമാൻ പി കെ മധുസൂദനൻ, കെ ജനാർദനൻ, ടി രഘുനാഥൻ, കെ രാമചന്ദ്രൻ, പി രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..