കണ്ണൂർ
ദേശീയപാതയിൽ കണ്ണോത്തുംചാലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കർലോറിക്കടിയിൽ കുടുങ്ങിയയാളെ രക്ഷിച്ചു. ഗുരുതര പരിക്കേറ്റ കരുവഞ്ചാൽ സ്വദേശി ഷാഫി (36)യെ ചാലയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പകൽ രണ്ടിനാണ് അപകടം.
തലശേരിഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന കുടിവെള്ള ടാങ്കറിന്റെ പിൻചക്രത്തിനടിയിലാണ് ഷാഫി കുടുങ്ങിയത്. ഇടതുകാൽ മുട്ടിനുതാഴെയും വലതുകാലിന്റെ പാദത്തിനും സാരമായി പരിക്കേറ്റ ഷാഫിയെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഭാരം കുറയ്ക്കാനായി ടാങ്കറിലെ വെള്ളം പുറത്തേക്ക് കളഞ്ഞ് 50 ടൺ ഭാരമുയർത്താൻ ശേഷിയുള്ള ജാക്കി ഉപയോഗിച്ച് ലോറിയുടെ പിൻഭാഗം ഉയർത്തുകയായിരുന്നു. കണ്ണൂരിലെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി.
കണ്ണൂർ ടൗൺ പൊലീസും ട്രാഫിക് പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ ടി അജയൻ, ലീഡിങ് അസി. സ്റ്റേഷൻ ഓഫീസർ എം രാജീവൻ, വൈശാഖ് കെ ഗോപി, പി വി മഹേഷ്, എം രജീഷ്, വി കെ റസീഫ്, പി വി മനോജ് എന്നിവരുടെ നേതൃതവത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..