ഇരിട്ടി
അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്. ഡിസംബർ മധ്യത്തോടെ താക്കോൽ കൈമാറും.
2018ലെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളം ഈ കുടുംബങ്ങളുടെ സകലസ്വപ്‌നങ്ങളും തകർത്തെറിയുകയായിരുന്നു. ഉടുതുണി മാത്രമായി കുഞ്ഞുങ്ങളെയും മുതിർന്നവരെയുംകൊണ്ട് പായം പഞ്ചായത്ത് അധികൃതരും രക്ഷാപ്രവർത്തകരും കിളിയന്തറയിലെത്തിയത് ജീവൻ തിരികെകിട്ടിയ ആശ്വാസത്തിലായിരുന്നു. ഒരുമാസത്തോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞു. വീടുള്ളവർ തിരികെ പോയി.
15 കുടുംബങ്ങൾക്ക് പോകാൻ ഇടമില്ലായിരുന്നു. ഇവരെ സർക്കാർ വാടക നൽകി താമസിപ്പിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇ പി ജയരാജന്റെ ഇടപെടലിലാണ് യൂണിലിവർ കമ്പനി സഹായഹസ്‌തവുമായെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻകൂടി ഇടപെട്ടതോടെ സ്ഥലം ലഭ്യമാക്കിയാൽ പൊതുനന്മാ ഫണ്ടിലുൾപ്പെടുത്തി വീട് നിർമിച്ചു നൽകാമെന്ന് കമ്പനി ഉറപ്പുനൽകി. ഒന്നേകാൽ ഏക്കർ സ്ഥലം സർക്കാർ വിലയ്‌ക്കു വാങ്ങി.
2019- മാർച്ച് രണ്ടിന് ഇ പി ജയരാജൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു സെന്റ് വീതം സ്ഥലത്ത് ഏഴ് ലക്ഷം രൂപയുടെ വീട് നിർമിക്കാനാണ് തീരുമാനിച്ചത്. ഭൂഘടന വില്ലനായതോടെ സ്ഥലം മൂന്നു തട്ടുകളാക്കി തിരിച്ച് സുരക്ഷാഭിത്തി നിർമിക്കേണ്ടി വന്നു. ചെലവും വർധിച്ചു. ആദ്യനിരയിൽ ആറും രണ്ടാംനിരയിൽ അഞ്ചും മൂന്നാം നിരയിൽ നാലും വീടുകളാണ്. ആദ്യ രണ്ടു നിരകളിലെ വീടുകൾ പൂർത്തിയായി. മൂന്നാം നിരയിൽ നാലെണ്ണം ഈ മാസാവസാനം പൂർത്തിയാകും. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യങ്ങളോടെ 650 ചതുരശ്ര അടിയിലാണ് വീടുകൾ.
അടിസ്ഥാന സൗകര്യമൊരുക്കി
പഞ്ചായത്ത്
വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം, വെളിച്ചം എന്നിവ 60 ലക്ഷം രൂപ ചെലവഴിച്ച് പായം പഞ്ചായത്താണ് ഒരുക്കുന്നത്. കുഴൽ കിണറും വൈദ്യുതി, കുടിവെള്ളവിതരണ സംവിധാനവും ഒരുക്കും. തലശേരി–- വളവുപാറ റോഡിൽനിന്ന് വീടുകളിലേക്കുള്ള റോഡ് മുറ്റംവരെ ഗതാഗതയോഗ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..