കണ്ണൂർ
ക്രിസ്മസ് അടുത്തതോടെ നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും വാങ്ങനെത്തുന്നവരുടെ തിരക്കിൽ വിപണി നിറഞ്ഞു. ട്രീ ഡക്കറേഷൻ ലൈറ്റുകളാണ് കൂടുതൽ വിറ്റുവരവുള്ള ഐറ്റം. പുതിയ മോഡൽ പേപ്പർ സ്റ്റാറുകൾക്കും ആവശ്യക്കാരേറെയുണ്ട്. 30 രൂപ മുതലാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും സാന്താക്ലോസ് വസ്ത്രങ്ങളും വിപണിയിൽ നിറഞ്ഞു. ഇവയിലും ന്യൂജൻ ഐറ്റങ്ങൾക്ക് നല്ല ഡിമാന്റുണ്ട്.
ഒമ്പത് അടിയുള്ള എൽഇഡി ട്രീകളാണ് വിപണിയിലെ താരം. ഉപഭോക്താക്കളെ ആകർഷിക്കാൻ ഡെക്കറേഷൻ വസ്തുക്കളിലും ഇത്തവണ വ്യത്യസ്തതയുണ്ട്. ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികൾ, നക്ഷത്രക്കണ്ണടകൾ എന്നിവയും വിപണിയിലുണ്ട്.
തൊപ്പി, ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി എന്നിവയ്ക്കും നല്ല വിൽപ്പനയുണ്ട്. പുൽക്കൂടുകൾക്കാണ് ആവശ്യക്കാരേറെയാണ്. 300 മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില. 60 മുതൽ 500 രൂപ വയെുള്ള സീരിയൽ മാല ബൾബ്, 400 രൂപ മുതൽ വിലയുള്ള പാപ്പ ഡ്രസ് തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട്. പരീക്ഷ പൂർത്തിയായി ക്രിസ്‌മസ് അവധിക്ക് സ്കൂൾ അടച്ചതോടെ ആഘോഷങ്ങൾക്കായുള്ള ഒരുക്കം നടത്താൻ കുട്ടികളുടെയും ക്ലബ് ഭാരവാഹികളുടെയും തിരക്കാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഇരിട്ടിയിൽ ബോൺ നത്താലെ ക്രിസ്‌മസ് സന്ദേശയാത്ര നാളെ
ഇരിട്ടി
തലശേരി അതിരൂപതാ കെസിവൈഎം, എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ ഫൊറോനകളുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ക്രിസ്‌മസ് സന്ദേശയാത്ര ‘ബോൺ നത്താലെ' ശനി വൈകിട്ട് 4.30ന് ഇരിട്ടിയിൽ നടക്കും. തിരുപ്പിറവി ചിത്രീകരിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾക്കൊപ്പം ബാൻഡ് മേളങ്ങളുടെ അകമ്പടിയിൽ പാപ്പാമാർ ക്രിസ്‌മസ്സ് കരോൾ ഗാനത്തിനൊപ്പം ചേരും. പയഞ്ചേരിമുക്ക് ട്രാഫിക് സിഗ്നൽ പരിസരത്തുനിന്നാരംഭിച്ച് സാൻജോസ് കോംപ്ലക്സിൽ റാലി സമാപിക്കും. തലശേരി അതിരൂപതാ അർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ക്രിസ്‌മസ്സ് സന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ ജോയൽ പുതുപ്പറമ്പിൽ, ഫാ. അഖിൽ മുക്കുഴി, അബിൻ വടക്കേക്കര, ബിബിൻ പീടികയ്ക്കൽ, വിപിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..