ചിറക്കൽ
പുതിയതെരുവിൽ ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കാൻ തീരുമാനം. ധനരാജ് ടാക്കീസ് മുതൽ പാപ്പിനിശേരി വരെയുള്ള ഭാഗത്തെ റോഡിൽ ഉപരിതലം പുതുക്കൽ (ഓവർലേ) ഉടൻ തുടങ്ങും. ഇതിനായി വിശ്വസമുദ്ര കമ്പനിയെ ചുമതലപ്പെടുത്തിയതായി ദേശീയപാത അതോറിറ്റി അധികൃതർ യോഗത്തിൽ അറിയിച്ചു. ഈ ഭാഗത്ത് റോഡിൽ ഉയർച്ച താഴ്ചയുള്ളതിനാൽ അപകടങ്ങൾ പതിവാണെന്ന് യോഗത്തിൽ കെ വി സുമേഷ് എംഎൽഎ പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ക്രമീകരണമുണ്ടാക്കും. ആവശ്യമായ സൂചനാ ബോർഡുകളും റിഫ്ളക്ടറുകളും ദേശീയപാത അതോറിറ്റി സ്ഥാപിക്കണം.
മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ കൊല്ലറത്തിക്കൽ –-കളരിവാതുക്കൽ വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കണം. മയ്യിൽ ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സ്‌റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്ന് 50 മീറ്റർ മുന്നോട്ട് കനറാ ബാങ്കിന് സമീപത്തേക്ക് മാറ്റും. കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സുകൾ പുതിയതെരു ബസ് ബേയിൽ മാത്രമേ നിർത്താവൂ. ബസ് ബേയുടെ ഭാഗം വീതികൂട്ടി ടാർ ചെയ്യും. യോഗത്തിൽ എഡിഎം കെ നവീൻ ബാബു അധ്യക്ഷനായി. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..