22 December Sunday

ജ്വലിച്ചു പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സം​ഗംചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍, 
ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്

കണ്ണൂർ

രാജ്യത്തെ സ്‌ത്രീ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനാകാത്ത കേന്ദ്രസർക്കാരിനെതിരെ  വൻപ്രതിഷേധം.  കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ  വനിതാഡോക്ടറെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ്‌ വനിതകളും യുവജനങ്ങളും വിദ്യാർഥികളും തെരുവിലിറങ്ങിയത്‌.  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ കണ്ണൂർ, തലശേരി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ റാലി സംഘടിപ്പിച്ചത്‌. 
 കുറ്റവാളികളെ ഉടൻ അറസ്‌റ്റുചെയ്യണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  
  കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിലെ പ്രതിഷേധക്കൂട്ടായ്‌മ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌  പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള  അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, ട്രഷറർ കെ ജി ദിലീപ്‌, എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവ്‌ മഹേന്ദ്രൻ, എം  വി സരള എന്നിവർ  സംസാരിച്ചു. നൂറുകണക്കിന്‌ പ്രവർത്തകർ  കൂട്ടായ്‌മയിൽ അണിനിരന്നു. 
  തലശേരി കോട്ട പരിസരത്തുനിന്നാരംഭിച്ച റാലി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ടി ടി റംല, കെ ശോഭ എന്നിവർ സംസാരിച്ചു.
ആരോഗ്യപ്രവർത്തകരും
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രതിഷേധ ജ്വാലയിൽ ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാഅസോസിയേഷൻ പ്രവർത്തകർക്കൊപ്പം  മെഡിക്കൽ വിദ്യാർഥികളും നഴ്‌സുമാരും ജീവനക്കാരും  പങ്കാളികളായി. സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പി കെ ശ്യാമള അധ്യക്ഷയായി. ടിവി രാജേഷ്, എം വിജിൻ എംഎൽഎ, ടി പി അഖില, വി കെ നിഷ, കെ വി ഷിജിത്ത്, ആർ അജിത, പി ആർ ജിജേഷ്, എം വി ഷിമ,  എസ് ദീപു, കെ ആദിത്യ,  പി ശ്രീദുൽ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top