03 December Tuesday
എഴുത്തിനിരുത്തൽ

ആദ്യക്ഷരം തെരഞ്ഞെടുക്കാൻ അവകാശം രക്ഷിതാക്കൾക്ക്‌: ഹൈക്കോടതി

സ്വന്തം ലേഖികUpdated: Saturday Oct 21, 2023
കൊച്ചി  
നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ആദ്യക്ഷരം തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന്‌ വിരുദ്ധമായി മറ്റേതെങ്കിലും മതത്തെ പ്രതിനിധാനം ചെയ്യുന്ന വാചകങ്ങൾ ആദ്യക്ഷരമായി എഴുതാൻ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
   കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്‌മാരക സ്‌കൂളിൽ 24ന്‌ നടത്താനിരിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസ്‌ ചോദ്യംചെയ്‌ത്‌ ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ ആർ മഹാദേവൻ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതി ഉത്തരവ്‌. ദുരുദ്ദേശ്യപരമായാണ് എഴുത്തിനിരുത്തൽ നടത്തുന്നതെന്ന് കരുതാനാകില്ല. ആദ്യക്ഷരമായി ഏതെങ്കിലും മതത്തിന്റെ പ്രത്യേക വാക്യം തെരഞ്ഞെടുക്കണമെന്ന്‌ സംഘാടകർ നിർബന്ധിക്കാത്തിടത്തോളം ഈ നോട്ടീസിലും എഴുത്തിനിരുത്തൽ ചടങ്ങിലും ഇടപെടേണ്ടതില്ലെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.   
   എഴുത്തിനിരുത്തൽ ചടങ്ങിൽ സാധാരണ ആദ്യക്ഷരമായി ഉപയോഗിക്കുന്ന "ഹരിശ്രീ ഗണപതയേ നമഃ' എന്നതിനുപകരം മറ്റ്‌ മതങ്ങളിലുള്ളവർക്ക്‌  ഇഷ്‌ടമുള്ള  വാക്യമോ വാചകമോ ഇംഗ്ലീഷ്‌, മലയാളം അക്ഷരങ്ങളോ ആദ്യക്ഷരമായി എഴുതാമെന്ന് ചടങ്ങുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച നോട്ടീസിൽ സംഘാടകർ വ്യക്തമാക്കിയിരുന്നു. എഴുത്തിനിരുത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ പൂരിപ്പിച്ച്‌ നൽകേണ്ട അപേക്ഷയിലും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.  ഹൈന്ദവവിശ്വാസികളെ ഇതര മതസ്ഥരുടെ വാചകങ്ങൾ നിർബന്ധമായി എഴുതിക്കാനുള്ള പദ്ധതിയാണിതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. 
   ഹർജിക്കാർ ആരോപിക്കുന്നപോലെ ആദ്യക്ഷരമായി ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വാക്യങ്ങൾ തെരഞ്ഞെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും കുട്ടികളുടെ രക്ഷിതാക്കളുടെ താൽപ്പര്യമനുസരിച്ച് ഏതു വാക്യവും ആദ്യക്ഷരമായി എഴുതിപ്പിക്കാനാകുമെന്നും നഗരസഭ വിശദീകരിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top