26 December Thursday
സന്ദേശയാത്ര കണ്ണൂരിലെത്തി

ചെറുധാന്യങ്ങൾ ആരോഗ്യ ജീവനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ചെറുധാന്യ ഉൽപ്പന്ന പ്രദർശന വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാനതല ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ' കണ്ണൂരിലെത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് പതിനാല് ജില്ലകളിലും സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയിലെ വൈവിധ്യമാർന്ന തനത് ചെറുധാന്യങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുക, ഉൽപ്പന്ന വിപണനം ഉയർത്തുക,  ചെറുധാന്യ കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
 ചെറുധാന്യ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള, ജൈവ വൈവിധ്യ വിത്തുകളുടെ പ്രദർശനം, സെമിനാർ എന്നിവയാണ് യാത്രയുടെ ഭാഗമായുള്ളത്. 
 കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ വിപണന മേളയിൽ  അട്ടപ്പാടിയിലെ 1024 ജെ എൽ ജി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിച്ച റാഗി, ചാമ, തിന, വരഗ്, പനിവരഗ്, മക്കാച്ചോളം, കുതിരവാലി, കമ്പ്, അരിച്ചോളം എന്നിവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയുണ്ടായി. വിവിധ ജില്ലകളിൽനിന്നു  12 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തി.
  സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ ബോധവൽക്കരണ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനംചെയ്തു.  ചെറുധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങൾ, അവയുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കാനുള്ള രീതികൾ തുടങ്ങിയവ സെമിനാറിൽ ചർച്ച ചെയ്തു. കുടുംബശ്രീ കണ്ണൂർ എഡിഎം സി പി ഒ ദീപ അധ്യക്ഷയായി. ‘അട്ടപ്പാടി ചെറുധാന്യങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും ഭൂമിക'  വിഷയത്തിൽ അട്ടപ്പാടി സ്‌പെഷ്യൽ പ്രൊജക്ട്‌ പാര പ്രൊഫഷണൽ എസ് കവിതയും ‘ചെറുധാന്യങ്ങൾ ആരോഗ്യ ജീവനത്തിനായി  വിഷയത്തിൽ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ -ഓഡിനേറ്റർ ഡോ. പി ജയരാജും ക്ലാസെടുത്തു.
  മില്ലറ്റ് മിഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി സി വിജയൻ, കണ്ണൂർ ഐസിഡിഎസ് സെൽ സീനിയർ സൂപ്രണ്ട് വി എൻ ദിവാകരൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ എന്നിവർ സംസാരിച്ചു.
  ചെറുധാന്യ ഉൽപ്പന്ന പ്രദർശന വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്തു.  സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, ഡോ. എം സുർജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top