അഞ്ചരക്കണ്ടി
തങ്ങളുടെ മുതുമുത്തച്ഛൻ നട്ടുവളർത്തിയ സഹകരണസംഘത്തിന്റെ അവിശ്വസനീയ വളർച്ച നേരിൽ കണ്ട ഡോ. പോൾ ബ്രൗണും കുടുംബവും ശരിക്കും അഭിമാനം കൊണ്ടു. നാടിനാകെ വെളിച്ചമേകുന്ന തരത്തിൽ സഹകരണ പ്രസ്ഥാനം ഇവിടെ വളർന്നുപന്തലിച്ചു നിൽക്കുന്നതും അവർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി.
അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ സ്ഥാപകൻ ബ്രൗൺ സായ്‌പിന്റെ നാലാം തലമുറയിൽപ്പെട്ട ചെറുമകനാണ് ഡോ. പോൾ ബ്രൗൺ. അദ്ദേഹത്തോടൊപ്പം ഭാര്യയും മക്കളും ഭാര്യാ സഹോദരിയുമുണ്ടായിരുന്നു. 1914ലായിരുന്നു ഇംഗ്ലീഷുകാരനായ ആർ എൽ ബ്രൗൺ 27 രൂപ മൂലധനത്തോടെ അഞ്ചരക്കണ്ടി കാർഷിക കടം വായ്പാ സംഘത്തിനു രൂപം നൽകിയത്. അന്നത്തെ മദ്രാസ് പ്രോവിൻസിലെ ആദ്യ സഹകരണ സ്ഥാപനം. 1934 വരെ അദ്ദേഹം സംഘം പ്രസിഡന്റ് സ്ഥാനത്തു തുടർന്നു. ബ്രൗണിന്റെ അഞ്ചരക്കണ്ടിയിലെ ബംഗ്ലാവ് തന്നെയായിരുന്നു സംഘത്തിന്റെ ആസ്ഥാനവും.
1961ൽ സർവീസ് സഹകരണ ബാങ്കായും 1977ൽ ഫാർമേഴ്‌സ് ബാങ്കായും മാറിയ സംഘം, ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട സഹകരണസ്ഥാപനമാണ്. ഡോ. പോൾ ബ്രൗണിനേയും കുടുംബത്തേയും പ്രസിഡന്റ് പി മുകുന്ദൻ, മാനേജിങ് ഡയരക്ടർ പി മനോജ് കുമാർ എന്നിവരും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. ബാങ്കിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ഡയരക്ടർ കെ സി ശ്രീധരൻ നമ്പ്യാർ വിശദീകരിച്ചു. ബാങ്കിന്റെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. നാളികേര സംസ്കരണ യൂണിറ്റും സംഘം സന്ദർശിച്ചു.
ആർ എ ബ്രൗൺ സ്ഥാപിച്ച അഞ്ചരക്കണ്ടി രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം സ്ഥിതി ചെയ്തിരുന്ന സ്ഥലം എന്നിവയും കഴിഞ്ഞദിവസം ഇവർ സന്ദർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..