ഇരിട്ടി
ഇരിട്ടി നഗരസഭയിൽ തുമ്പൂർമുഴി മോഡൽ സംസ്കരണത്തിന് സംവിധാനമായി. അത്തിത്തട്ടിൽ നഗരസഭയുടെ സംസ്കരണ യൂണിറ്റാണ് പരിസ്ഥിതി സൗഹൃദമാക്കി വികസിപ്പിച്ചത്. പത്ത് ലക്ഷം രൂപ ചെലവിലാണ് പുതിയ സംവിധാനം ആരംഭിച്ചത്. ഇരിട്ടി ടൗണിൽനിന്ന് ശേഖരിക്കുന്ന മാലിന്യം അത്തിത്തട്ട് കേന്ദ്രത്തിൽ വേർതിരിച്ച് ജൈവ മാലിന്യം പച്ചിലകൾ ചേർത്ത് വളമാക്കി മാറ്റുന്ന പദ്ധതിയാണിത്. നേരത്തെ ടൗണിൽനിന്നുള്ള മാലിന്യം വേർതിരിച്ച് ജൈവമാലിന്യം കുഴികളിൽ നിക്ഷേപിച്ച് വളമാക്കുയാണ്. ഇത് പ്രദേശത്ത് ദുർഗന്ധം പരത്തി. മാലിന്യം വർധിച്ചതോടെ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിടേണ്ടിയും വന്നു.
പദ്ധതി നടപ്പാക്കിയതോടെ പത്ത് ടൺ ജൈവ മാലിന്യം സംസ്കരിക്കാനാവും. ഒരു ടൺ ശേഷിയുള്ള പത്ത് സംസ്കരണ യൂണിറ്റാണ് തുമ്പൂർമുഴി കേന്ദ്രത്തിൽ ഒരുക്കിയത്. സുക്ഷ്‌മാണു ജീവികളുടെ സാന്നിധ്യത്തിൽ 25 ദിവസംകൊണ്ട് മാലിന്യം ജൈവവളമാക്കി മാറ്റാം.
നഗരസഭാ ചെയർമാൻ കെ ശ്രീലത സംസ്കരണ കേന്ദ്രം ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷനായി. കെ സോയ, കെ സുരേഷ്, എ കെ രവീന്ദ്രൻ, കെ മുരളീധരൻ, പി രഘു, എൻ കെ ഇന്ദുമതി, വി പി അബ്ദുൾ റഷീദ്, പി ഫൈസൽ, വി ശശി, സി കെ അനിത, അബ്ദുൾ റഹ്മാൻ കോമ്പിൽ, രാകേഷ് പലേരി വീട്ടിൽ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, എൻജിനിയർ പ്രിൻസിമോൾ എന്നിവർ സംസാരിച്ചു.
ബയോ മൈനിങ്ങും ഉടൻ നടപ്പാക്കും
അഞ്ച് കോടി രൂപ ലോക ബാങ്ക് സഹായത്തിലുള്ള ബയോ മൈനിങ് മാലിന്യ സംസ്കരണ പദ്ധതിയിൽ ഇരിട്ടി നഗരസഭയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. അത്തിത്തട്ട് ജൈവ സംസ്കരണ കേന്ദ്രം പദ്ധതിക്കായി പ്രയോജനപ്പെടുത്തും. ഇതിനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാലുടൻ പദ്ധതി ടെൻഡർ ചെയ്യും. സംസ്കരണ കേന്ദ്രത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കാൻ 35 ലക്ഷം രൂപയുടെ പദ്ധതിക്കും ഉടൻ അനുമതി ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..