കണ്ണൂർ
‘‘കോടി സൂര്യനുദിച്ചാലുമൊഴിയാതൊരു
കൂരിരുൾ തുരന്നു സത്യം കാണിക്കും
സയൻസിന് തൊഴുന്നു ഞാൻ’’ – ശ്രീനാരായണഗുരുവിന്റെ ‘ദൈവദശക’ത്തിന് സമാന്തരമായി ‘സയൻസ് ദശകം’ എഴുതിയത് ആര് ? ക്വിസ് മാസ്‌റ്റർ ടി പി അശോകൻ ആദ്യ ചോദ്യം അവതരിപ്പിച്ചപ്പോൾ വയലാർ രാമവർമയെന്ന് കുറേപ്പേർ. കുമാരനാശാനെന്ന് കുറച്ചുപേർ, വള്ളത്തോളിനെയും കടമ്മനിട്ടയെയും എഴുതി ചിലർ. എന്നാൽ കെ അയ്യപ്പനെന്ന സഹോദരൻ അയ്യപ്പനാണെന്ന ശരിയുത്തരത്തിൽ ആശ്വസിച്ചത് ആറുപേർമാത്രം. നന്മകൾ നിറയും മലയാളമെന്ന ആദ്യ റൗണ്ടിൽതുടങ്ങി അറിവിന്റെ ആകാശമെന്ന അഞ്ചാംറൗണ്ടിലെ അവസാന ചോദ്യത്തിലേക്ക് എത്തുമ്പോൾ ഒറ്റവാക്കിലൊതുങ്ങാത്ത വിശദീകരണങ്ങളിലൂടെ കൂടുതൽ അറിഞ്ഞും ഉത്തരങ്ങളിലേക്ക് ഊളിയിട്ടുമാണ് അവർ വിവരാകാശം തൊട്ടത്. ഹയർസെക്കൻഡറി മത്സരവേദിയിലാണ് സഹോദരൻ അയ്യപ്പനും തോട്ടിയിലൂടെ എം എം ലോറൻസും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ കടന്നുവന്നത്.
ഉള്ളൂരിന്റെ അവതാരികയോടെ എഴുതിയ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽതുടങ്ങി ലെസ്ലി ആൻഡ്രൂസ് എന്ന മലയാളി ഗായകനെ നാം എന്തുപേരിട്ടാണ് വിളിക്കുന്നതെന്ന ചോദ്യത്തിലെത്തുമ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിലെ മത്സരം കടുത്തിരുന്നു. അത് കോഴിക്കോട് അബ്ദുൽഖാദർ ആണെന്ന് അത്ര കടുപ്പമില്ലാതെ ചിലർ ഉത്തരമെഴുതി. ഐടി അധ്യാപികയായ കണ്ണൂർ കൈറ്റിലെ എ സിന്ധുവായിരുന്നു ക്വിസ് മാസ്‌റ്റർ.
ഇമ്മിണി ബല്യ ഒന്ന് എന്ന റൗണ്ടിലൂടെ ‘‘ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു... കവിത ചൊല്ലിയാണ് യുപി വിഭാഗം മത്സരത്തിലേക്ക് കടന്നത്. കുട്ടികളുടെ പ്രിയപ്പെട്ട വാരികയായ തത്തമ്മയുടെ പത്രാധിപരായിരുന്ന ഒ എൻവി കുറുപ്പാണ് കവിതയെഴുതിയതെന്ന് പെട്ടെന്ന് ഉത്തരമെഴുതി കുട്ടികൾ ഞെട്ടിച്ചു. എന്നാൽ ഏഴാമത്തെ ചോദ്യം കുട്ടിക്കൂട്ടത്തെയാകെ വലച്ചു.
ഇ മെയിലിന്റെ ഉപജ്ഞാതാവ് എന്നു വിളിക്കുന്നത് അമേരിക്കക്കാരനായ ഏത് കംപ്യൂട്ടർ പ്രോഗ്രാമറെയാണ് എന്ന ചോദ്യത്തിന് മാർക്ക് കിട്ടിയത് മൊകേരി പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ക്വിസ്‌മാസ്റ്റർ എം രമേഷ്‌ബാബുവിനാണ്.
എൽപി വിഭാഗത്തിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 21 ചോദ്യങ്ങളിൽനിന്ന് 18 പോയിന്റുമായി ധ്യാൻ കൃഷ്‌ണയും പി വി ദേവദർശും എൻ എസ് ശ്രീഹരിയും അണിനരന്നപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..