25 November Monday

പിണറായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന്‌ വേഗമേറും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

നിർമാണം പുരോഗമിക്കുന്ന പിണറായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി

 പിണറായി 

പിണറായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന് നബാർഡിൽനിന്ന്‌ 25 കോടി രൂപകൂടി അനുവദിച്ചതോടെ നിർമാണം ദ്രുതഗതിയിലാകും. സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുകയാണ്. 
6245 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആറുനില കെട്ടിടമാണ് വിഭാവനംചെയ്തിട്ടുള്ളത്.  രണ്ടു ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നിവയുടെ നിർമാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നബാർഡ്‌ നൽകിയിരുന്നു.
ഒന്നാം ബേസ്‌മെന്റ് ഫ്ലോറിൽ ഫ്രീസർ റൂം, ‌സ്റ്റോർ റൂം, ഇലക്ട്രിക്കൽ യൂണിറ്റ്, ഓക്സിജൻ സ്‌റ്റോറേജ് എന്നിവയും രണ്ടാം ബേസ്‌മെന്റ് ഫ്ലോറിൽ മെഡിസിൻ സ്റ്റോർ, ലാബ്, എക്സ്റേ, ഇസിജി, ലോൺട്രി, അടുക്കള, സ്‌റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ, കാഷ്വാൽറ്റി, മൈനർ ഒടി, ഡ്രസിങ് റൂം, പ്ലാസ്‌റ്റർ റൂം, ഫാർമസി, സെർവർ റൂം എന്നിവയും ഒന്നാം ഫ്ലോറിൽ മെഡിക്കൽ ഐസിയു, ലേബർ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റർ കോംപ്ലക്സ്, സർജിക്കൽ ഐസിയു റിക്കവറി റൂം എന്നിവയും സജ്ജീകരിക്കും.
 കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂർത്തീകരണത്തിനാണ് 25 കോടി അനുവദിച്ചത്.
രണ്ടാംനിലയിൽ ഒഫ്‌താൽമോളജി ഒപി, ഡെന്റൽ ഒപി, ഓപ്പറേഷൻ തിയറ്റർ, പ്രീ ഓപ്പറേഷൻ റൂം, വാർഡുകൾ, റൂമുകൾ എന്നിവയും മൂന്നാം നിലയിൽ വാർഡുകൾ, റൂമുകൾ, ഓഫീസ്, റിക്രിയേഷൻ റൂം, കോൺഫറൻസ് റൂം എന്നിവയുമാണ് സ്‌ഥാപിക്കുക.  ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും അനുബന്ധ പ്രവൃത്തികൾക്കായി ആശുപ്രതിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാർഡ് ഇന്റർലോക്ക്, സംരക്ഷണ ഭിത്തി, ചുറ്റുമതിൽ മാലിന്യസംസ്കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കൽ, എ സി, ട്രാൻസ്ഫോമർ സൗകര്യം എന്നിവയും  പൂർത്തിയാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top