18 December Wednesday

ഹൈടെക്കായി പയ്യന്നൂർ 
താലൂക്ക് ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി

പയ്യന്നൂർ
ആതുര ശുശ്രൂഷാരംഗത്ത് പയ്യന്നൂർ മണ്ഡലത്തിലെയും സമീപ ജില്ലയായ കാസർകോടിന്റെ അതിർത്തിയിലുള്ളവർക്കുമടക്കം ആശ്വാസം പകർന്ന്‌  പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി.  അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് ഈ സ്ഥാപനം. വൻകിട സ്വകാര്യ ആശുപത്രികളുടേതിന് സമാന രീതിയിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി.
സംസ്ഥാന സർക്കാർ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റർപ്ലാനിലാണ് കെട്ടിടം നിർമിച്ചത്.   കെട്ടിടങ്ങളുടെ നവീകരണം,   പുതിയ നിലകൾ  നിർമിക്കൽ എന്നിവ ഉൾപ്പെടുന്നതാണ്  പ്രൊജക്ട്.   79,452 ചതുരശ്ര അടി വലിപ്പത്തിൽ ഏഴ്‌ നിലകളുള്ള പുതിയ ആശുപത്രി ബ്ലോക്ക്, പ്രത്യേക ക്യാന്റീൻ ബിൽഡിങ്  എന്നിവ അടങ്ങിയതാണ്‌ കെട്ടിടം. ഒ പി, റേഡിയോളജി ബ്ലോക്കിന്‌   10545 ചതുരശ്ര അടിയിൽ  ഒരു നില അധികമായി നിർമിക്കും. 
നിർമാണ നവീകരണ പ്രവൃത്തി   പൂർത്തിയാകുമ്പോൾ -  മെയിൻ ബ്ലോക്കിൽ കാഷ്വാലിറ്റി, റേഡിയോളജി, ജനറൽ വാർഡുകളും, ഐസിയു – സർജിക്കൽ വാർഡുകളും, ആറ്‌ ഓപ്പറേഷൻ തീയേറ്ററുകളും  ലാബുകളും ആണ് ഉണ്ടാകുക. നിലവിലുള്ള റേഡിയോളജി ബ്ലോക്ക്  ഡെന്റൽ ബ്ലോക്കായി മാറും.  ഒപി ബ്ലോക്കിൽ   ഒപി, ഫാർമസി, കാത്തിരിപ്പ്  കേന്ദ്രം, ലേബർ വാർഡുകൾ, എൻഐസിയു എന്നീ സൗകര്യങ്ങൾ ഉണ്ടാകും.
 വിശ്രമ കേന്ദ്രത്തിനടുത്താണ്‌ ക്യാന്റീൻ  പ്രവർത്തിക്കുക. 150 ബെഡുകൾ  ആശുപത്രിയിലുണ്ട്‌. പദ്ധതി പൂർത്തിയാകുമ്പോൾ   268 ബെഡുകൾ ഉണ്ടാകും.   ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റിയും ഒ പി യും ഒബ്സർവേഷൻ വാർഡുകളും സി ടി സ്കാൻ, എക്സ്റേ എന്നിവയുമുണ്ടാകും.  
    ഒന്നാം നിലയിൽ പീഡിയാട്രിക്‌ വാർഡും, പിഐസിയുവും പീഡിയാട്രിക്‌ ഒപി യും രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡും എംഐസിയുവും  മൂന്നാം നിലയിൽ ഗൈനക്‌ ഒപി, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്,  നാലാം നിലയിൽ പുരുഷ വാർഡും റീഹാബിലിറ്റേഷൻ സെന്ററും സെമിനാർ ഹാളും ഉണ്ടാകും. അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐസിയു, സ്ത്രീകളുടെ സർജിക്കൽ വാർഡ്, ആറാം നിലയിൽ ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്‌ ഏഴാം നിലയിൽ   ലാബുകളുമാണ് പ്രവർത്തിക്കുക. 
 മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കാൻ   കെഎസ്ഇബിയുടെ സഹകരണത്തോടെ ആർഎംയു സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി പയ്യന്നൂർ പെരുമ്പ സബ് സ്‌റ്റേഷനിൽ നിന്നും   ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന പ്രവൃത്തി പൂർത്തിയായി.   1.68 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണി,  മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയും പൂർത്തിയായി വരുന്നു.
ചികിത്സാ സൗകര്യം അത്യാധുനികം 
ദിനംപ്രതി ആയിരത്തിലധികം പേരാണ് ഒപിയിൽ  ചികിത്സ തേടിയെത്തുന്നത്. ജനറൽ, സ്‌ത്രീ,  ശിശു,  ദന്ത, നേത്ര, അസ്ഥിരോഗങ്ങൾ എന്നിവയ്‌ക്ക്‌ ഇവിടെനിന്നും വിദഗ്ധ ചികിത്സ ലഭ്യമാകുന്നു.  ഡയാലിസിസ് സെന്റർ,   എക്‌സ്റേ, മാനസിക ആരോഗ്യ വിഭാഗം, കൗൺസലിങ് സെന്റർ, ഐആർടിസി കൗൺസലിങ്, വിമുക്തി ഡി അഡിക്‌ഷൻ സെന്റർ, ക്ഷയരോഗ വിഭാഗം, അത്യാധുനിക ലാബ്, ഫാർമസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയും ആംബുലൻസ് സർവീസ്‌ എന്നിവയുണ്ട്‌.   പയ്യന്നൂർ നഗരസഭാ ചെയർമാൻ ചെയർമാനും ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായ   വികസന സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
നാട് അനുഭവിച്ചറിയുന്ന 
മികവ്
പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും ചികിത്സയും ഓരോരുത്തരും അനുഭവിച്ച് അറിഞ്ഞതാണ്. കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാകുന്ന ആധുനിക   കെട്ടിടം അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാണ്. ദിനംപ്രതി ആയിരങ്ങളാണ്   ഇവിടെ ചികിത്സ തേടി എത്തുന്നത്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ ആരോഗ്യ  രംഗത്ത് പയ്യന്നൂർ വൻ കുതിച്ചുചാട്ടം  നടത്തും.
   സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയൽ ഉൾപ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ നിർമിക്കുന്ന പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി കെട്ടിടം  ജൂണിൽ  ഉദ്ഘാടനംചെയ്യും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആശുപത്രികളെ നവീകരിക്കുന്നതിനും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. 
 ടി ഐ മധുസൂദനൻ 
എംഎൽഎ 
പാവപ്പെട്ടവരുടെ 
അത്താണി
താലൂക്ക് ആശുപത്രി പാവപ്പെട്ടവർക്കും അശരണർക്കും  അത്താണിയാണ്. എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്‌.  ആതുര ശുശ്രുഷാരംഗത്ത്‌ വികസനോന്മുഖമായ കുതിച്ചുചട്ടത്തിന്ന് ഉതകുന്നതാണ്  നിർമാണം പൂർത്തിയാകുന്ന കെട്ടിടം.  കെട്ടിടം യാഥാർഥ്യമാകുന്നതോടെ കുടുതൽ ആളുകൾ ഇവിടെ എത്തിച്ചേരും. ഇത് പ്രദേശത്തെ വ്യാപാര മേഖലയിലും ഉണർവേകും.
അനീഷ്‌ തായമ്പത്ത് 
(കച്ചവടം, ആശുപത്രി സമീപം)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top