22 November Friday

കണ്ണവം മറക്കില്ല ആ ദുരന്തം

രവീന്ദ്രൻ കോയിലോട്Updated: Monday Jul 22, 2024

കണ്ണവം യുപി സ്‌കൂൾ

കൂത്തുപറമ്പ്
കേരളം ഞെട്ടലോടെ  ഓർക്കുന്ന കണ്ണവം സ്‌കൂൾ ദുരന്തത്തിന് തിങ്കളാഴ്‌ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യുപി സ്‌കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനാണ്‌ പൊലിഞ്ഞത്. പഴയ ഓലഷെഡ്ഡിൽനിന്നും ഓട് പാകിയ പുതിയ ക്ലാസ് മുറിയിലേക്ക്‌ മാറിയ സന്തോഷത്തിലായിരുന്നു കണ്ണവം യുപി സ്‌കൂളിലെ നൂറ്റിയറുപതോളം കുട്ടികൾ. അന്ന്‌ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ചാണ്‌  ക്ലാസുകളിലേക്ക്‌ കയറിയത്‌.  
എന്നാൽ കർക്കടകത്തിലെ തോരാമഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റ് നിമിഷനേരംകൊണ്ട്‌ എല്ലാം തകർത്തു. നാല്‌ ക്ലാസ്‌റൂം അടങ്ങിയ പുതിയ  കെട്ടിടം നിലംപൊത്തി. കുട്ടികൾ ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനടിയിൽ. പകൽ മൂന്നോടെയുണ്ടായ അപകടത്തിൽ 14 കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ പലരും വർഷങ്ങളോളം ചികിത്സയിൽ കഴിയേണ്ടിവന്നു.    
   വൻ ശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റാണ്‌ നാശം വിതച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ  അന്നത്തെ വിദ്യാർഥികൾ ഓർത്തെടുക്കുന്നു.  പ്യൂൺ  കെ പി രാഘവൻ നിലവിളിച്ച് കണ്ണവം ബസാറിൽ പാഞ്ഞെത്തി പറഞ്ഞപ്പോഴാണ്‌ ദുരന്ത വിവരം പുറംലോകമറിഞ്ഞത്‌.  
കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു ഇത്‌. ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രം. ഓലഷെഡ്ഡായിരുന്നപ്പോൾ മഴക്കാലത്ത്‌  ഹാജർ കുറയും.  പുതിയ കെട്ടിടമായതിനാൽ ഭൂരിഭാഗം പേരും അന്ന്‌ സ്‌കൂളിലെത്തിയിരുന്നുവെന്ന്‌ അപകടത്തിൽപ്പെട്ടവർ ഓർക്കുന്നു.  കണ്ണവം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ചില പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടിയും വന്നു.  കുരുന്നുകളുടെ വേർപാടിന്റെ വേദനയിലാണ്  55 വർഷങ്ങൾക്ക് ശേഷവും കണ്ണവം ഗ്രാമം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top