തലശേരി
ഹൈക്കോടതി വിധി പ്രകാരം സഹകരണ ജോയിന്റ് രജിസ്‌ട്രാറുടെ മുന്നിൽ ഹിയറിങ്ങിന് രേഖകളുമായി ഹാജരാകുന്നതിൽനിന്ന് രക്ഷപ്പെടാനാണ് കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന് കോൺഗ്രസ് നേതാവായിരുന്ന ആശുപത്രി അംഗം ഇ കെ പവിത്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജിയും നാല് ഡയറക്ടർമാർ ഒപ്പിട്ട് ജോയിന്റ് രജിസ്‌ട്രാർക്ക് നൽകിയ പരാതിയും രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാണ്. ഹിയറിങ്ങിന് രേഖകളുമായി ഹാജരാകാനുള്ള തീയതി കഴിഞ്ഞതോടെ കെ പി സാജുവി നെ ഡയറക്ടറായി നോമിനേറ്റ് ചെയ്‌ത് വീണ്ടും പ്രസിഡന്റാക്കാൻ ശ്രമം തുടങ്ങി. ബുധനാഴ്‌ച രാവിലെ ചേർന്ന ഭരണസമിതി യോഗം അത്തരമൊരു തീരുമാനമെടുത്തതായാണ് മനസിലാക്കുന്നത്.
സഹകരണ ജോയിന്റ് രജിസ്‌ട്രാർക്ക് നൽകിയ പരാതിയിൽ മാർച്ച് 28ന് കെ പി സാജുവിനെ അയോഗ്യനാക്കിയതാണ്. സഹകരണ നിയമവും സംഘം ബൈലോയും ലംഘിച്ച് പാനൂരിലെ ഡിനോവ മൾട്ടി സ്‌പെഷ്യാലിറ്റി ഹെൽത്ത് കെയർ മാനേജിങ് പാർട്‌ണറായി പ്രവർത്തിച്ചതിനായിരുന്നു നടപടി. അയോഗ്യത സ്‌റ്റേചെയ്‌ത ഹൈക്കോടതിവിധി പ്രകാരം ജോയിന്റ് രജിസ്‌ട്രാറുടെ മുന്നിൽ രേഖകളെല്ലാം ഹാജരാക്കേണ്ടിവരുമെന്നുകണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
ഡിനോവ ഹെൽത്ത് സെന്ററിനുവേണ്ടി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടത്തുന്ന ലാബ് പരിശോധനയ്‌ക്ക് ഫീസ് ലഭിക്കാത്തത് സംബന്ധിച്ച് സഹകരണ ഓഡിറ്റ് വിഭാഗം ജനറൽ മാനേജർക്ക് കത്ത് നൽകിയിരുന്നു. ഇതിന് മറുപടി നൽകാൻ മാനേജർ തയ്യാറാവാത്തതും സംശയാസ്‌പദമാണ്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ആശുപത്രി നവീകരിച്ചതെന്നും പവിത്രൻ പറഞ്ഞു.
അഴിമതിക്കെതിരായ പോരാട്ടം തുടരും
കോൺഗ്രസിലെ അഴിമതിക്കെതിരെ 1992 മുതലുള്ള ഡിസിസി പ്രസിഡന്റുമാർക്ക് പരാതി നൽകിയതായി ആദ്യകാല കോൺഗ്രസ് നേതാവ് ഇ കെ പവിത്രൻ. കെ സുധാകരൻ മുതൽ സതീശൻ പാച്ചേനിവരെയുള്ള ഡിസിസി പ്രസിഡന്റുമാർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിൽ മനംമടുത്താണ് പാർടി വിട്ടത്. ഇന്ദിരാഗാന്ധി ആശുപത്രിയെ കെ പി സാജുവാണ് ലാഭത്തിലാക്കിയതെന്ന പ്രചാരണം നുണയാണ്. 2013–-14 മുതൽ സംഘം ലാഭത്തിലാണ്. മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ആദായനികുതി അടച്ചതെന്നും പവിത്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..